SHARE

ഇന്ത്യൻ സൂപ്പർ താരം അജിങ്ക്യ രഹാനെ, കൗണ്ടി ടീമായ ഹാമ്പ്ഷെയറിന് വേണ്ടി കളിക്കാനായി ഇംഗ്ലണ്ടിലെത്തി. നേരത്തെ ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് ടീമിൽ ഉൾപ്പെട്ട ഐഡൻ മാർക്രത്തിന് പകരക്കാരനായാണ് രഹാനെയെ ഹാമ്പ്ഷെയർ ടീമിലെത്തിച്ചത്. നിലവിൽ കൗണ്ടി ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് ടേബിളിൽ മുന്നിലുള്ള ഹാമ്പ്ഷെയറിനെ രഹാനെയുടെ വരവ് കൂടുതൽ കരുത്തരാക്കും. നോട്ടിംഗ് ഹാം ഷെയറിനെതിരായ അടുത്ത മത്സരത്തിൽ രഹാനെ കളിക്കുമെന്നാണ് സൂചന.

ലോകകപ്പിനായി ഇന്ത്യൻ ടീം ഇംഗ്ലണ്ടിലെത്തുന്നതിന് ഒരാഴ്ച മുൻപാണ് കൗണ്ടി കളിക്കാൻ രഹാനെ അതേ നാട്ടിലേക്ക് തന്നെയെത്തിയിരിക്കുന്നത്. കൗണ്ടി ക്രിക്കറ്റിൽ കളിച്ച് വരാനിരിക്കുന്ന വിൻഡീസ് പര്യടനത്തിന് മുൻപ് മികച്ച ഫോമിലേക്കെത്താനാണ് രഹാനെയുടെ ശ്രമം. ഹാമ്പ്ഷെയർ ടീമിന് വേണ്ടി കളിക്കുന്ന ആദ്യ ഇന്ത്യൻ താരമായും ഇത്തവണ രഹാനെ മാറും. തങ്ങളുടെ അടുത്ത മത്സരത്തിന് മൂന്ന് ദിനം മുൻപ് രഹാനെ ടീമിനൊപ്പംചേർന്ന കാര്യം ഹാമ്പ്ഷെയർ തന്നെയാണ് ഇന്നലെ ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.