SHARE

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കഴിഞ്ഞ ദിവസം നടന്ന ജീവന്മരണപ്പോരാട്ടത്തിൽ അജിങ്ക്യ രഹാനെയായിരുന്നു ഡെൽഹി ക്യാപിറ്റൽസിന്റെ വിജയശില്പി. 153 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന മത്സരത്തിൽ 60 റൺസെടുത്ത രഹാനെ നിർണായക ഘട്ടത്തിൽ ടീമിന്റെ ഹീറോയായി മാറുകയായിരുന്നു. ഇത്തവണത്തെ ഐപിഎല്ലിൽ ഡെൽഹി ടീമിന്റെ പ്ലേയിംഗ് ഇലവനിൽ സ്ഥിര സ്ഥാനം നേടാൻ കഴിയാത്ത രഹാനെയ്ക്ക് വലിയ ആശ്വാസം സമ്മാനിക്കുന്ന ഇന്നിംഗ്സായിരുന്നു ഇത്.

ഡെൽഹി ടീമിലെ പ്രതിഭാധാരാളിത്തമാണ് രഹാനെയ്ക്ക് ടീമിൽ ഇടം പിടിക്കുന്നതിന് തടസമായത്. എന്നാൽ കൂടുതൽ മത്സരങ്ങളിലും ഇക്കുറി പുറത്തിരിക്കേണ്ടി വന്നത് തന്നെ വളരെയധികം വേദനിപ്പിച്ചിരുന്നുവെന്ന് ബാംഗ്ലൂരിനെതിരായ മത്സരശേഷം സംസാരിക്കവെ രഹാനെ വ്യക്തമാക്കി.

കളിക്കാൻ കഴിയാതെ വന്നപ്പോൾ താൻ തീർത്തും നിരാശനായിരുന്നുവെന്ന് വെളിപ്പെടുത്തിയ രഹാനെ, ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ധവാനൊപ്പം ബാറ്റ് ചെയ്തത് താൻ വളരെയധികം ആസ്വദിച്ചതായും ചൂണ്ടിക്കാട്ടി. ബാംഗ്ലൂരിനെതിരായ മത്സരത്തിൽ താൻ മൂന്നാം നമ്പരിലാണ് ബാറ്റ് ചെയ്യാൻ പോകുന്നതെന്ന് പരിശീലകൻ റിക്കി പോണ്ടിംഗാണ് ആദ്യം പറഞ്ഞതെന്നും, ഇത് കേട്ടപ്പോൾത്തന്നെ അതൊരു നല്ല അവസരമായിരിക്കുമെന്ന് തനിക്ക് തോന്നിയെന്നും രഹാനെ ചൂണ്ടിക്കാട്ടി. “ഒരു കളിക്കാരനെന്ന നിലയിൽ നിങ്ങൾ പ്രതിസന്ധി ഘട്ടങ്ങളിൽ സംഭാവന ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് സന്തോഷം തോന്നും. ടീം വിജയിക്കുമ്പോൾ ആ സന്തോഷം ഇരട്ടിയാകും‌” രഹാനെ പറഞ്ഞു നിർത്തി.