SHARE

ഓസ്ട്രേലിയക്കെതിരെ അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ വിരാട് കോഹ്ലിയുടെ അഭാവത്തിൽ ഇന്ത്യൻ ടീമിന്റെ നാലാം നമ്പരിൽ ബാറ്റ് ചെയ്യേണ്ടത് അജിങ്ക്യ രഹാനെയാണെന്ന് മുൻ ഇന്ത്യൻ താരവും പ്രശസ്ത ക്രിക്കറ്റ് കമന്റേറ്ററുമായ സഞ്ജയ് മഞ്ചരേക്കർ. ആദ്യ രണ്ട് ടെസ്റ്റുകളിൽ രോഹിത് ശർമ്മ കളിക്കാനില്ലെങ്കിൽ പൃഥ്വി ഷായാകണം, മയങ്ക് അഗർവാളിനൊപ്പം ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യേണ്ടതെന്ന് പറഞ്ഞ മഞ്ചരേക്കർ, പൃഥ്വി ഷാ മോശം ഫോമിലാണെങ്കിൽ ശുഭ്മാൻ ഗില്ലിനെ ഓപ്പണിംഗ് സ്ഥാനത്തേക്ക് കൊണ്ടു വരണമെന്നും ഇതിനൊപ്പം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ഏഷ്യൻ ന്യൂസ് ഇന്റർനാഷണലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഹ്ലിയുടെ അഭാവത്തിൽ രഹാനെ നാലാമത് ബാറ്റിംഗിനെത്തണമെന്ന് പറയുന്ന മഞ്ചരേക്കർ, ഹനുമ വിഹാരി അഞ്ചാം സ്ഥാനത്തും, ശുഭ്മാൻ ഗില്ലിനെ മധ്യനിരയിൽ പരീക്ഷിക്കുകയാണെങ്കിൽ അദ്ദേഹത്തെ ആറാം സ്ഥാനത്ത് കളിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ” തന്റെ അവസാന 9 ടെസ്റ്റുകളിൽ 50 ലധികം ശരാശരിയാണ് രഹാനെയ്ക്കുള്ളത്. രഹാനെ മുന്നോട്ട് വരുന്നുണ്ടോ എന്നത് കണ്ടറിയണം. കോഹ്ലി ആദ്യ ടെസ്റ്റിന് ശേഷമില്ലാത്തത് ടീമിന് കനത്ത തിരിച്ചടിയാണ്‌. വിദേശ സാഹചര്യങ്ങളിൽ കോഹ്ലിയാണ് ഇന്ത്യൻ ബാറ്റിംഗിന്റെ പാതി. വിദേശ സാഹചര്യങ്ങളിൽ അദ്ദേഹമാണ് ഇന്ത്യയുടെ ഏറ്റവും വിശ്വസനീയമായ കളികാരൻ അത് കൊണ്ടു തന്നെ കോഹ്ലിയുടെ അഭാവം വലിയ തിരിച്ചടിയാകും.” സഞ്ജയ് മഞ്ചരേക്കർ പറഞ്ഞു നിർത്തി.