SHARE

അഫ്ഗാനിസ്ഥാനെതിരെ അടുത്ത മാസം ജൂൺ 14 ന് നടക്കാനിരിക്കുന്ന ഏക ടെസ്റ്റ് മത്സരത്തിൽ മധ്യനിര താരം അജിങ്ക്യ രഹാനെ ഇന്ത്യയെ നയിക്കുമെന്ന് സൂചന. കൗണ്ടി കളിക്കാൻ പോകുന്ന നായകൻ വിരാട് കോഹ്ലി അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തിന് ഇല്ലാത്ത സാഹചര്യത്തിലാണ് രഹാനെയെ തേടി നായക വേഷമെത്തുന്നത്. മെയ് എട്ടിന് ബിസിസിഐ ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം മാത്രം ഐസിസിയുടെ ടെസ്റ്റ് പദവി ലഭിച്ച അഫ്ഗാനിസ്ഥാന്റെ അരങ്ങേറ്റ മത്സരം കൂടിയാണിത്.

അതേ സമയം ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ ‘എ’ ടീമിന്റെ നായകനായി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേഷ് കാർത്തിക്ക് എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. നിലവിലെ മികച്ച ഫോമും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായക സ്ഥാനത്ത് പുലർത്തുന്ന മികവുമാണ് കാർത്തിക്കിന്റെ പേര് നായക സ്ഥാനത്തേക്ക് ഉയർന്ന് വരാനുള്ള കാരണം.

മൊത്തം ആറോളം ടീമുകളെയാണ് മെയ് എട്ടിന് ബിസിസിഐ പ്രഖ്യാപിക്കുക. അഫ്ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റിനുള്ള ഇന്ത്യൻ ടീം, ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ ‘എ’ ടീം, ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ ‘എ’ ടീം, അയർലൻഡുമായുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം, ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പയ്ക്കുള്ള ഇന്ത്യൻ ടീം, ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം എന്നിവയാണവ. നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന ഐപിഎല്ലിൽ മികവ് പുലർത്തുന്ന കെ.എൽ രാഹുൽ, ആർ അശ്വിൻ, ക്രുനാൽ പാണ്ട്യ എന്നിവർ ഇന്ത്യൻ ‘എ’ ടീമിലെത്തുമെന്നും, രോഹിത് ശർമ്മ, ശിഖാർ ധവാൻ, ഹാർദിക് പാണ്ട്യ എന്നിവർ അഫ്ഗാനെതിരെയുള്ള ടെസ്റ്റ് ടീമിലുണ്ടാകുമെന്നുമാണ് റിപ്പോർട്ടുകൾ.