SHARE

പതിനൊന്നാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ അത്ര മികച്ച നിലയിലല്ല നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. കളിച്ച ഒൻപത് മത്സരങ്ങളിൽ ആറെണ്ണത്തിലും പരാജയപ്പെട്ട അവർ പോയിന്റ് പട്ടികയിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ്. മുംബൈയുടെ മോശം പ്രകടനങ്ങൾക്ക് പല കാരണങ്ങളും പറയപ്പെടുന്നുണ്ടെങ്കിലും മുൻ ഇന്ത്യൻ താരം അജിത് അഗാർക്കർക്ക് പറയാനുള്ളത് ഇപ്രകാരമാണ്.

മിഡിൽ ഓർഡർ ബാറ്റ്സ്മാന്മാരുടെ മോശം പ്രകടനമാണ് മുംബൈയുടെ ദയനീയ പ്രകടനങ്ങൾക്ക് കാരണമെന്നാണ് അഗാർക്കറിന്റെ പക്ഷം. ഇതിൽത്തന്നെ പൊള്ളാർഡിന്റെ മോശം ഫോമാണ് അഗാർക്കർ ചൂണ്ടിക്കാണിക്കുന്നത്. പൊള്ളാർഡ് തീർത്തും നിരാശപ്പെടുത്തുകയാണെന്നും മുംബൈക്ക് മികവിലേക്ക് തിരിച്ചെത്തണമെങ്കിൽപൊള്ളാർഡും ഫോം വീണ്ടെടുക്കേണ്ടതുണ്ടെന്നും അഗാർക്കാർ പറയുന്നു. പൊള്ളാർഡിനൊപ്പം തന്നെ മറ്റ് മധ്യ നിര ബാറ്റ്സ്മാന്മാർക്കും സ്ഥിരതയാർന്ന പ്രകടനംനടത്താൻ മുംബൈ നിരയിൽ കഴിയുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.

രോഹിത് ശർമ്മയുടെ ബാറ്റിംഗ് പൊസിഷനാണ് അഗാർക്കർ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു കാര്യം. ഓപ്പണിംഗിനിറങ്ങിയില്ലെങ്കിൽ രോഹിത് മൂന്നാംനമ്പറിൽ എത്തണമെന്നും, മുൻ നിരയിലാണ് അദ്ദേഹത്തിന്റെ സേവനം ടീമിന് ആവശ്യമായതെന്നും പറയുന്ന ആഗാർക്കർ, മുൻ വർഷങ്ങളിൽ അദ്ഭുത പ്രകടനം കാഴ്ച്ച വെച്ച് പ്ലേ ഓഫിലെത്തിയത് ആവർത്തിക്കാൻ ഇക്കുറി മുംബൈ ഇന്ത്യൻസിന് കഴിയുമോ എന്ന കാര്യത്തിൽ സംശയവും പ്രകടിപ്പിക്കുന്നു.