SHARE

ഇന്ത്യൻ പ്രീമിയർ ലീഗിലെ കഴിഞ്ഞ 12 വർഷത്തെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ടൂർണമെന്റ് കണ്ട എക്കാലത്തെയും മികച്ച ഇലവനെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര. ഇന്ത്യൻ ഇതിഹാസ താരവും ചെന്നൈ സൂപ്പർ കിംഗ്സിനെ 3 ഐപിഎൽ കിരീടങ്ങളിലേക്ക് നയിച്ച റെക്കോർഡുമുള്ള മഹേന്ദ്ര സിംഗ് ധോണിയെയാണ് ഈ ‌ടീമിന്റെ നായകനായി ചോപ്ര തിരഞ്ഞെടുത്തത്. അതേ സമയം അഞ്ച് സ്പെഷ്യലിസ്റ്റ് ബോളർമാർ ഈ ടീമിലുണ്ടെന്നതും ശ്രദ്ധേയമാണ്.

സൺ റൈസേഴ്സ് ഹൈദരാബാദിന്റെ ഡേവിഡ് വാർണറും, മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയുമാണ് ചോപ്ര തിരഞ്ഞെടുത്ത എക്കാലത്തെയും മികച്ച ഐപിഎൽ ഇലവന്റെ ഓപ്പണർമാർ. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലിയാണ് മൂന്നാമത് ബാറ്റിംഗിനെത്തുക. ചെന്നൈയുടെ സുരേഷ് റെയ്ന, ബാംഗ്ലൂരിന്റെ എബി ഡിവില്ലിയേഴ്സ്, ഈ ടീമിന്റെ നായകനായ മഹേന്ദ്ര സിംഗ് ധോണി എന്നിവർ യഥാക്രമം 4 മുതൽ‌ 6 വരെ സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യും.

-Advertisement-

അഞ്ച് സ്പെഷ്യലിസ്റ്റ് ബോളർമാരെയാണ് ചോപ്ര തന്റെ എക്കാലത്തെയും മികച്ച ഐപിഎൽ ഇലവനിലേക്ക് തിരഞ്ഞെടുത്തത്. ഇതിൽ ചെന്നൈയുടെ ഹർഭജൻ സിംഗും, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സുനിൽ നരൈനും സ്പിൻ ബോളിംഗ്‌ കൈകാര്യം ചെയ്യുമ്പോൾ, സൺ റൈസേഴ്സ് ഹൈദരാബാദിന്റെ ഭുവനേശ്വർ കുമാർ, മുംബൈ താരങ്ങളായ ജസ്പ്രിത് ബുംറ, ലസിത് മലിംഗ എന്നിവർ ചേർന്ന് ടീമിന്റെ പേസ് നിരയെ നയിക്കും.