SHARE

എക്കാലത്തെയും മികച്ച മുംബൈ ഇന്ത്യൻസ് ഇലവനെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര. മുംബൈ ഇന്ത്യൻസിനെ 4 തവണ ഐപിഎൽ കിരീടങ്ങളിലേക്ക് നയിച്ച ഇന്ത്യൻ സൂപ്പർ താരം രോഹിത് ശർമ്മയെയാണ് താൻ തിരഞ്ഞെടുത്ത എക്കാലത്തെയും മികച്ച മുംബൈ ഇന്ത്യൻസ് ഇലവന്റെ നായകനായി ചോപ്ര തിരഞ്ഞെടുത്തത്.

ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും, ശ്രീലങ്കൻ ഇതിഹാസം സനത് ജയസൂര്യയുമാണ് ആകാശ് ചോപ്ര തിരഞ്ഞെടുത്ത എക്കാലത്തെയും മികച്ച മുംബൈ ഇന്ത്യൻസ് ഇലവന്റെ ഓപ്പണർമാർ. നായകൻ കൂടിയായ രോഹിത് ശർമ്മയാണ് മൂന്നാമത് ബാറ്റിംഗിനിറങ്ങുക. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അമ്പാട്ടി റായുഡു, വിൻഡീസ് സൂപ്പർ താരം കീറൺ പൊള്ളാർഡ്, എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യുക.

പാണ്ട്യ സഹോദരങ്ങളേയും ഈ ടീമിൽ ചോപ്ര ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ കൃണാൽ പാണ്ട്യയെ ആറാംനമ്പർ ബാറ്റ്സ്മാനായും, ഹാർദിക് പാണ്ട്യയെ ഏഴാം നമ്പർ ബാറ്റ്സ്മാനുമായാണ് ചോപ്ര ചൂണ്ടിക്കാട്ടുന്നത്. ഹർഭജൻ സിംഗാണ് ടീമിന്റെ ഏക സ്പിന്നർ. താരസമ്പന്നമായ പേസ് നിരയും ചോപ്ര തിരഞ്ഞെടുത്ത മുംബൈ ഇന്ത്യൻസ് ഇലവനൊപ്പമുണ്ട്. ഇന്ത്യൻ താരങ്ങളായ ജസ്പ്രിത് ബുംറ, സഹീർ ഖാൻ എന്നിവർക്കൊപ്പം ശ്രീലങ്കൻ ഇതിഹാസം ലസിത് മലിംഗയാണ് ഈ ഇലവന്റെ പേസ് നിരയിലുള്ളത്.