SHARE

ക്രിക്കറ്റിൽ പേസ് ബൗളർമാരുടെ ഏറ്റവും വലിയ ആയുധങ്ങളിൽ ഒന്നാണ് യോർക്കറുകൾ. ഏതൊരു ബാറ്റ്സ്മാന്റെയും അടിതെറ്റിക്കാൻ യോർക്കറുകൾക്ക് കഴിയുമെന്ന കാര്യത്തിൽ ക്രിക്കറ്റ് അറിയുന്ന ഒരാൾക്കും സംശയമുണ്ടാകില്ല. ഇപ്പോളിതാ ലോകക്രിക്കറ്റിൽ ഏറ്റവും നന്നായി യോർക്കർ എറിയുന്ന 6 താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണറും, പ്രശസ്ത ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര. കഴിഞ്ഞ ദിവസം തന്റെ യൂടൂബ് ചാനലിലൂടെയായിരുന്നു ചോപ്ര 6 യോർക്കർ വീരന്മാരെ തിരഞ്ഞെടുത്തത്.

ശ്രീലങ്കൻ ഇതിഹാസ താരം ലസിത് മലിംഗയാണ് ചോപ്ര തിരഞ്ഞെടുത്ത യോർക്കർ വീരന്മാരുടെ ലിസ്റ്റിൽ മുന്നിലുള്ള താരം. പാകിസ്ഥാനിൽ നിന്ന് രണ്ട് താരങ്ങളെ ഏറ്റവും നന്നായി യോർക്കർ എറിയുന്നവരുടെ ലിസ്റ്റിൽ ചോപ്ര ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിഹാസ താരങ്ങളായ വസീംഅക്രം, വഖാർ യൂനിസ് എന്നിവരാണ് ഇവർ. ജസ്പ്രിത് ബുംറയാണ് ഇന്ത്യയിൽ നിന്ന് ഈ ലിസ്റ്റിൽ ഇടം പിടിച്ച ഒരേയൊരു താരം. ഓസ്ട്രേലിയയുടെ ഇടംകൈയൻ സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്ക്, ഇംഗ്ലണ്ടിന്റെ മുൻ ഓൾറൗണ്ടർ ആൻഡ്രൂ ഫ്ലിന്റോഫ് എന്നിവരും ചോപ്ര തിരഞ്ഞെടുത്ത 6 യോർക്കർ വീരന്മാരുടെ ലിസ്റ്റിലുണ്ട്.