SHARE

ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച 6 സിക്സടി വീരന്മാരെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ ഓപ്പണറും, പ്രശസ്ത ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര. കഴിഞ്ഞ ദിവസം തന്റെ യൂടൂബ് ചാനലിലൂടെയായിരുന്നു ചോപ്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച 6 ഹിറ്റർമാർ ആരൊക്കെയെന്ന് വ്യക്തമാക്കിയത്‌. ചോപ്ര തിരഞ്ഞെടുത്ത ആറ് താരങ്ങളിൽ മൂന്ന് പേർ ഇന്ത്യയിൽ നിന്നുള്ളവരാണ്.

ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം എബി ഡിവില്ലിയേഴ്സാണ്, ചോപ്ര തിരഞ്ഞെടുത്ത സിക്സടി വീരന്മാരിൽ ആറാം സ്ഥാനത്ത്. അഞ്ചാം സ്ഥാനം മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിക്കാണ്. കരിയറിന്റെ തുടക്കകാലത്ത് അടിച്ചിരുന്നത് പോലെ സിക്സറുകൾ അടിക്കാൻ കരിയർ പാതി പിന്നിട്ട സമയം മുതൽ ധോണിക്ക് കഴിയുന്നില്ലെന്നും ഇതിനൊപ്പം ചോപ്ര കൂട്ടിച്ചേർത്തു.

ഇന്ത്യൻ സ്റ്റാർ ഓൾ റൗണ്ടറും, 2007 ൽ നടന്ന പ്രഥമ ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഒരോവറിലെ എല്ലാ പന്തുകളും സിക്സർ പറത്തിയ യുവരാജ് സിംഗാണ് ചോപ്ര തിരഞ്ഞെടുത്ത സിക്സടി വീരന്മാരിൽ നാലാം സ്ഥാനത്ത്‌. യുവിയുടെ ഫ്ലാറ്റ് സിക്സറുകളെ ചോപ്ര വാനോളം പുകഴ്ത്തിയിട്ടുമുണ്ട്. വിൻഡീസ് വെടിക്കെട്ട് വീരൻ ആന്ദ്രെ റസലാണ് ഈ ലിസ്റ്റിൽ മൂന്നാമത്.

രണ്ടാം സ്ഥാനത്ത് ചോപ്ര ചൂണ്ടിക്കാട്ടുന്നത് ഇന്ത്യൻ സ്റ്റാർ ഓപ്പണർ രോഹിത് ശർമ്മയെയാണ്. അതേ സമയം ചോപ്ര തിരഞ്ഞെടുത്ത 6 സിക്സടി വീരന്മാരിൽ ഒന്നാം സ്ഥാനത്തുള്ളത് വെസ്റ്റിൻഡീസ് ഇതിഹാസം ക്രിസ് ഗെയിലാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 534 സിക്സറുകൾ പറത്തിയിട്ടുള്ള ഗെയിലിനേക്കാളും മികവുള്ള ഹാർഡ് ഹിറ്റിംഗ് ബാറ്റ്സ്മാൻ ലോകക്രിക്കറ്റിലില്ല എന്നാണ് ചോപ്രയുടെ പക്ഷം.