SHARE

നിയമാനുസൃതമല്ലാത്ത ബോളിംഗ് ആക്ഷനെത്തുടർന്ന് ശ്രീലങ്കൻ സ്റ്റാർ സ്പിന്നർ അഖില ധനഞ്ജയ്ക്ക് പന്തെറിയുന്നതിൽ നിന്ന് ഒരു വർഷ വിലക്കേർപ്പെടുത്തി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. വിലക്ക് കാലാവധി നില നിൽക്കുന്ന സമയം ഒരു തരം മത്സരത്തിലും താരത്തിന് പന്തെറിയാനാവില്ല. സമീപകാലത്ത് ശ്രീലങ്കൻ ക്രിക്കറ്റിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണിത്.

ന്യൂസിലൻഡിനെതിരെ കഴിഞ്ഞ മാസം നടന്ന ആദ്യ ടെസ്റ്റിനിടെയായിരുന്നു ധനഞ്ജയയുടെ ബോളിംഗ് സംശയാസ്പദമാണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അനുവദിക്കാവുന്നതിലും കൂടുതൽ അദ്ദേഹം തന്റെ കൈമടക്കുന്നുണ്ടെന്നായിരുന്നു മാച്ച് ഒഫീഷ്യലുകൾ നൽകിയ റിപ്പോർട്ട്. ഇതേത്തുടർന്ന് പിന്നീട് താരം ഐസിസിയുടെ ബോളിംഗ് പരിശോധനയ്ക്ക് വിധേയനായി.

ക്രിക്കറ്റിൽ പന്തെറിയുമ്പോൾ 15 ഡിഗ്രി വരെ മടക്കാൻ ബോളർക്ക് അനുവാദമുണ്ടെങ്കിലും ധനഞ്ജയ ഈ പരിധി ലംഘിക്കുന്നുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി. ഇതോടെയാണ് താരത്തിന് ഒരു വർഷ ബോളിംഗ് വിലക്ക് ഏർപ്പെടുത്താൻ ഐസിസി തീരുമാനിച്ചത്. എന്നാൽ ഇതാദ്യമായല്ല ധനഞ്ജയയ്ക്ക് ബോളിംഗിൽ നിന്ന് വിലക്ക് ലഭിക്കുന്നത്. നേരത്തെ സമാന കാര്യത്തെത്തുടർന്ന് 2018 ലും താരം ബോളിംഗിൽ നിന്ന് വിലക്ക് നേരിട്ടിരുന്നു.