SHARE

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ഇടം കൈയ്യൻ പേസ് ബൗളർമാരിലൊരാളാണ് വസീം അക്രം. സ്വിംഗ് ബോളിംഗിന്റെ സുൽത്താൻ എന്നറിയപ്പെട്ടിരുന്ന അക്രം, ഏകദിനത്തിൽ 502 ഉം, ടെസ്റ്റിൽ 414 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 1992 ൽ ലോകകപ്പ് നേടിയ പാകിസ്ഥാൻ ടീമിലുണ്ടായിരുന്ന താരം കളിച്ച് കൊണ്ടിരുന്ന സമയത്ത് ബാറ്റ്സ്മാന്മാരുടെയെല്ലാം പേടിസ്വപ്നമായിരുന്നു.

സച്ചിൻ ടെണ്ടുൽക്കർ, ബ്രയാൻ ലാറ, അലൻ ബോർഡർ, വിവിയൻ റിച്ചാർഡ്സ് തുടങ്ങിയ ഇതിഹാസ ബാറ്റ്സ്മാന്മാർക്കെതിരെ പന്തെറിഞ്ഞിരുന്ന അക്രം ഇപ്പോളിതാ താൻ ബോൾ ചെയ്യാൻ ഏറ്റവുമധികം ബുദ്ധിമുട്ടിയിരുന്നത് ഏത് ബാറ്റ്സ്മാന് എതിരെയാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നു. മേൽപ്പറഞ്ഞ ബാറ്റ്സ്മാന്മാരിൽ ഒരാളാണ് അതെന്ന് നിങ്ങൾക്ക് കരുതിയെങ്കിൽ തെറ്റി, കാരണം മുൻ ന്യൂസിലൻഡ് നായകൻ മാർട്ടിൻ ക്രോവിന്റെ പേരാണ് തന്നെ ഏറ്റവുമധികം കഷ്ടപ്പെടുത്തിയ ബാറ്റ്സ്മാനായി അക്രം തിരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം ഫോക്സ് ക്രിക്കറ്റിനോട് സംസാരിക്കവെയായിരുന്നു അക്രത്തിന്റെ ഈ വെളിപ്പെടുത്തൽ.

1993 ൽ താൻ കരിയറിന്റെ ഏറ്റവും മികച്ച ഫോമിലായിരുന്ന സമയത്ത് പോലും മാർട്ടിൻ ക്രോ തനിക്കെതിരെ അനായാസം ബാറ്റ് വീശിയിരുന്നതായി അക്രം പറയുന്നു‌. ബോളിംഗ് അനുകൂല പിച്ചുകളിലായിരുന്നു ക്രോ തന്നെ അനായാസം നേരിട്ടതെന്നും, റിവേഴ്സ് സ്വിംഗുകളൊന്നും അദ്ദേഹത്തിന്റെ അടുക്കൽ വിലപ്പോയില്ലെന്നും അക്രം ഓർത്തെടുക്കുന്നു‌‌. തന്നെ ഏറ്റവുമധികം കഷ്ടപ്പെടുത്തിയ ബാറ്റ്സ്മാനായി ക്രോവിനെ തിരഞ്ഞെടുത്തതിന് കാരണം അദ്ദേഹം എനിക്കെതിരെ റൺസ് നേടിയ രീതിയാണ്. 1993 ൽ ന്യൂസിലൻഡിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിൽ താൻ മികച്ച ഫോമിലായിരുന്നു. രണ്ട് മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകൾ ഞാനന്ന് വീഴ്ത്തി. മികച്ച രീതിയിൽ റിവേഴ്സ് സ്വിംഗും അന്ന് ലഭിച്ചിരുന്നു. എന്നാൽ എന്നിട്ട് പോലും മാർട്ടിൻ ക്രോ അന്ന് രണ്ട് സെഞ്ചുറികൾ നേടി.” അക്രം പറഞ്ഞുനിർത്തി.