SHARE

ഏഷ്യൻ വൻകരയുടെ ക്ലബഫുട്ബോൾ പോരാട്ടമായ ഏഎഫ്സി ചാമ്പ്യൻസ് ലീ​ഗിൽ സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലിന് കിരീടം. ഇന്നലെ നടന്ന കലാശപ്പോരാട്ടത്തിൽ ദക്ഷിണകൊറിയൻ ക്ലബ് പൊഹാങ് സ്റ്റീലേഴ്സിനെ തോൽപ്പിച്ചാണ് അൽ ഹിലാൻ വൻകരയുടെ ക്ലബ് ചാമ്പ്യന്മാരായത്. അൽ ഹിലാലിന്റെ നാലാം ഏസിഎൽ കിരീടമാണിത്. ഏറ്റവുമധികം തവണ ചാമ്പ്യൻസ് ലീ​ഗ് കിരീടം നേടിയ ക്ലബെന്ന റെക്കോർഡും ഇതോടെ അൽ ഹിലാൽ സ്വന്തമാക്കി.

സൗദിയിലെ റിയാദിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ​ഗോളിനായിരുന്നു അൽ ഹിലാലിന്റെ ജയം. ഒന്നാം മിനിറ്റിൽ സൗദി താരം നാസർ അൽ ദാവ്സാരിയും 63-ാം മിനിറ്റിൽ മാലി താരം മൂസാ മാരേ​ഗയുമാണ് ക്ലബിനായി ​ഗോളുകൾ നേടിയത്. ഏഷ്യയുടെ പടഞ്ഞാറൻ മേഖലയിൽ നിന്നുള്ള നോക്കൗട്ട് മത്സരങ്ങളിൽ എസ്ത്​ഗ്ലാൽ,പെർസ്പോളിസ്, അൽ നാസർ എന്നിവരെ തോൽപ്പിച്ചാണ് അൽ ഹിലാൽ ഫൈനലിലെത്തിയത്. കിഴക്കൻ മേഖലയിൽ നിന്നുള്ള നോക്കൗട്ട് മത്സരങ്ങൾഡ വിജയിച്ചാണ് സ്റ്റീലേഴ്സ് ഫൈനലിലേക്ക് മുന്നേറിയത്.

പോർച്ചു​ഗീസ് പരിശീലകൻ ലിയനാർഡോ ജാർഡിമിന്റെ കീഴിലാണ് അൽ ഹിലാലിന്റെ കിരീടനേട്ടം. ഈ വർഷം ജൂണിലാണ് ജാർഡിം അൽ ഹിലാൻ പരിശീലകനായി സ്ഥാനമേറ്റത്. മുമ്പ് 2016-17 സീസണിൽ മൊണാക്കോയെ ഫ്രഞ്ച് ലീ​ഗിൽ ചാമ്പ്യൻമാരാക്കുകയും യുവേഫ ചാമ്പ്യൻസ് ലീ​ഗിൽ സെമിയിലെത്തിക്കുകയും ചെയ്ത പരിശീലകനാണ് ജാർഡിം.