SHARE

വിഖ്യാത താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫുട്ബോൾ ഭാ​വി എന്താണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തമായ സൂചനകൾ ഇല്ല. സൗദി അറേബ്യൻ ക്ലബായ അൽ നാസർ റൊണാൾഡോയെ ഒപ്പം കൂട്ടാൻ ശ്രമിക്കുകയാണെന്ന വാർത്തകൾ വളരെ സജീവമാണ്. റൊണാൾഡോയും ഈ നീക്കത്തിന് പച്ചക്കൊടി കാട്ടിയതായി അഭ്യൂഹങ്ങളുണ്ടെങ്കിലും ഒന്നിനും വ്യക്തമാ സ്ഥിരീകരണമില്ല.

സ്പാനിഷ് മാധ്യമമായ മാർക്കയുടെ റിപ്പോർട്ട് അനുസരിച്ച് റൊണാൾഡോയുടെ സൈനിങ് അൽ നാസർ വൈകാതെ ഔദ്യോ​ഗികമായി സ്ഥിരീകരിക്കും. എന്നാൽ അതേസമയം തന്നെ റൊണാൾഡോയ്ക്ക് പുറമെ മറ്റൊരു സൂപ്പർതാരത്തെ കൂടി റാഞ്ചാൻ ക്ലബിന് പദ്ധതിയുണ്ടെന്നും ഇവർ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

സ്പാനിഷ് സൂപ്പർതാരവും മുൻ ക്യാപ്റ്റനുമായി സെർജിയോ റാമോസിനെയാണ് അൽ നാസർ ഉന്നമിടുന്നത്. നിലവിൽ ഫ്രഞ്ച് സൂപ്പർക്ലബ് പിഎസ്ജിക്ക് വേണ്ടിയാണ് ഈ താരം കളിക്കുന്നത്. ഈ സീസണൊടുവിൽ പിഎസ്ജിയുമായി കരാർ അവസാനിക്കുന്നതോടെ ഈ സെന്റർ ബാക്കിനെ റാഞ്ചാനാണ് അൽ നാസർ പദ്ധതിയിടുന്നത്. അൽ നാസർ പ്രസിഡന്റും സ്പോർട്ടിങ് ‍ഡയറക്ടറും റാമോസിനെ നേരിൽ കാണാനും ഓഫർ മുന്നോട്ടുവയ്ക്കാനുമായി പാരീസിലേക്ക് പറക്കുമെന്ന് സൗദി അറേബ്യൻ മാധ്യമങ്ങൾ പറയുന്നതായും മാർക്ക റിപ്പോർട്ട് ചെയ്തു. അതേസമയം ഈ നീക്കം യാഥാർഥ്യമായാൽ റാമോസും റൊണാൾഡോയും ഒന്നിച്ചുകളിക്കുന്നത് കാണാൻ ഒരിക്കൽ കൂടി ആരധകർക്ക് അവസരം ലഭിക്കും.