SHARE

സ്പാനിഷ് പരിശീലകനായ ആൽബർട്ട് റോക്ക ഈ സീസണിനൊടുവിൽ ബെംഗളൂരു എഫ് സി യുടെ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങും. ബെംഗളൂരു എഫ് സി തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ സീസണിനൊടുവിൽ ബെംഗളൂരുവുമായുള്ള രണ്ട് വർഷ കരാർ അവസാനിക്കുന്ന റോക്ക അത് പുതുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

2016 ൽ ബെംഗളൂരു എഫ് സി യുടെ പരിശീലക സ്ഥാനം ഏറ്റെടുത്ത റോക്ക അതേ വർഷം ടീമിനെ എ എഫ് സി കപ്പ് ഫൈനലിലേക്ക് നയിച്ച് ചരിത്രം സൃഷ്ടിച്ചിരുന്നു. ബെംഗളൂരുവിനെ നിരവധി നേട്ടങ്ങളിലേക്ക് നയിച്ച ഈ അൻപത്തിയഞ്ചുകാരൻ ഈ സീസണിലെ ഐ എസ് എല്ലിൽ ടീമിനെ ഫൈനലിൽ എത്തിച്ചതിനൊപ്പം സൂപ്പർ കപ്പിൽ കിരീടവും ചൂടിച്ചു. സൂപ്പർ കപ്പ് ഫൈനലിന് ശേഷം ബെംഗളൂരുവിനൊപ്പമുള്ള ഭാവി കാര്യങ്ങളെപ്പറ്റി മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ, താൻ ഭാവികാര്യങ്ങളെപ്പറ്റി പറയാൻ ആഗ്രഹിക്കുന്നില്ലെന്നും, വർത്തമാനത്തിൽ ജീവിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും റോക്ക പറഞ്ഞിരുന്നു.

ബെംഗളുരു ടീം ഇപ്പോള്‍ നടത്തുന്ന മികവിന് പിന്നില്‍ ആല്‍ബര്‍ട്ട് റോക്കയെന്ന സ്പാനിഷ് പരിശീലകന്റെ പങ്ക് വളരെ വലുതാണ്. വിദേശതാരങ്ങളെയും മികച്ച ഇന്ത്യന്‍ താരങ്ങളെയും കോര്‍ത്തിണക്കി ശക്തമായ ഒരു ടീമിനെ പടുത്തുയര്‍ത്താന്‍ റോക്കക്ക് കഴിഞ്ഞുവെന്നത് എതിരാളികള്‍ പോലും സമ്മതിക്കുന്ന കാര്യമാണ്.

ഇപ്പോളിതാ എ എഫ് സി കപ്പിന്റെ ഇന്റർ സോൺ സെമി ഫൈനലിലേക്ക് ടീമിന് യോഗ്യത നേടിക്കൊടുത്തശേഷമാണ് അദ്ദേഹം അവരുടെ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത്. രണ്ട് വർഷത്തെ പരിശീലക കരാറിനിടെ ഫെഡറേഷൻ കപ്പ്, പ്രഥമ സൂപ്പർ കപ്പ് എന്നിവ ബെംഗളൂരിലെത്തിച്ച റോക്കയുടെ മറ്റ് നേട്ടങ്ങൾ എ എഫ് സി കപ്പിലും ഈ വർഷത്തെ ഐ എസ് എല്ലിലും ടീമിനെ ഫൈനലിൽ എത്തിക്കാൻ കഴിഞ്ഞതാണ്.