ഐഎസ്എൽ ക്ലബ് ബെംഗളുരു എഫ്സിയുടെ ആരാധകർക്ക് ആവേശം പകർന്ന് സ്റ്റാർ പരിശീലകൻ ആൽബർട്ട് റോക്ക തിരിച്ചെത്തുന്നു. ക്ലബിന്റെ ടെക്നിക്കൽ ഡയറക്ടറായാണ് റോക്കയുടെ തിരിച്ചുവരവ്. ഖേൽനൗവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇക്കുറി ഐഎസ്എല്ലിൽ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ബെംഗളുരു നടത്തിയത്. എന്നാൽ കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ തുടർജയങ്ങൾ നേടി അവർ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കിയിട്ടുണ്ട്. എങ്കിലും അടുത്ത സീസണിൽ വൻ അഴിച്ചുപണി ക്ലബിൽ നടക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി ഹ്രസ്വകാല കരാറിലാണ് ടെക്നിക്കൽ ഡയറക്ടർ റോളിൽ വരവെന്നാണ് റിപ്പോർട്ടുകൾ. റോക്കയുടെ ടെക്നിക്കൽ ടീമിൽ മുൻ സൂപ്പർ താരം ഡാരൻ കാൾഡെയ്റയും ഇടം പിടിക്കുമെന്നാണ് റിപ്പോർട്ട്.
ബെംഗളുരുവിന്റെ മുൻ പരിശീലകനെന്ന നിലയിൽ വലിയ ശ്രദ്ധ നേടിയിരുന്നു റോക്ക മുമ്പ്. 60-കാരന റോക്കയുടെ കീഴിൽ ബെംഗളുരു ഏഎഫ്സി കപ്പിന്റെ ഫൈനൽ വരെയെത്തി ചരിത്രമെഴുതിയിരുന്നു. ഐഎസ്എല്ലിലും ഫൈനലിലെത്തിയ അവർ ഫേഡറേഷൻ കപ്പും റോക്കയ്ക്ക് കീഴിൽ നേടി. പിന്നീട് ഹൈദരബാദ് എഫ്സി പരിശീലകനായി കുറച്ചുനാൾ പ്രവർത്തിച്ച റോക്ക, അതുവിട്ട് സ്പാനിഷ് സൂപ്പർ ക്ലബ് ബാഴ്സലോണയുടെ പരിശീലസംഘത്തിന്റെ ഭാഗമായിരുന്നു.