SHARE

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും മികച്ച റെക്കോർഡുള്ള‌ ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പർ കിംഗ്സ്. മഹേന്ദ്ര സിംഗ് ധോണിയുടെ കീഴിൽ 3 തവണ ഐപിഎൽ ചാമ്പ്യ‌ന്മാരായിട്ടുള്ള അവർ കളിച്ച എല്ലാ സീസണുകളിലും സെമി ഫൈനലിൽ എത്തി. ഇപ്പോളിതാ ഐപിഎല്ലിൽ ചെന്നൈയുടെ മികച്ച പ്രകടനങ്ങൾക്ക് കാരണമെന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടറും, മുൻ ചെന്നൈ സൂപ്പർ കിംഗ്സ് താരവും കൂടിയായ ആൽബി മോർക്കൽ

ചെന്നൈയുടെ വിജയങ്ങൾക്ക് കാരണങ്ങളായി നായകൻ ധോണിയേയും, ടീമിന്റെ സ്ഥിരതയേയുമാണ് മോർക്കൽ ചൂണ്ടിക്കാട്ടുന്നത്. മോർക്കലിന്റെ വാക്കുകൾ ഇങ്ങനെ, “ചെന്നൈയുടെ വിജയങ്ങൾക്ക് പിന്നിൽ ധോണിക്ക് നിർണായക പങ്കുണ്ട്. ധോണി ഇന്ത്യയിൽ എത്ര വലുതാണെന്ന് നമുക്ക് അറിയാം. ക്രിക്കറ്റ് കണ്ടിട്ടുള്ള ഏറ്റവും മികച്ച ഏകദിന, ടി20 താരങ്ങളിൽ ഒരാളാണ് ധോണി. അദ്ദേഹത്തെപ്പോലൊരാളെ നായകനായി ലഭിച്ചാൽ ടീമിനെ വിജയങ്ങളും തേടി വരും. ത‌ങ്ങളുടെ താരങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് ധോണിക്ക് കൃത്യമായി അറിയാം.

മറ്റുള്ള ഫ്രാഞ്ചൈസികളെ പോലെ ടീമിനെ മൊത്തത്തിൽ അഴിച്ചുപണിയാത്തതും ചെന്നൈയുടെ വിജയങ്ങൾക്ക് കാരണമാണ്. ടീമിലെ ഒരു കോർ ഗ്രൂപ്പിനെ സ്ഥിരമായി തങ്ങൾക്കൊപ്പം നിലനിർത്തുന്നത് ചെന്നൈയെ കരുത്തരാക്കുന്നു. സ്ഥിരത ഈ ടീമിന്റെ പ്രത്യേകതയാണ്.” മോർക്കൽ പറയുന്നു.