SHARE

മധ്യപ്രദേശിനെതിരായ വനിതാ ടി20 മത്സരത്തിൽ 9 റൺസിൽ പുറത്തായി മിസോറം. കഴിഞ്ഞ‌ദിവസം പോണ്ടിച്ചേരിയിൽ വെച്ച് നടന്ന മത്സരത്തിലാണ് മിസോറം വനിതകൾ സമാനതകളില്ലാത്ത നാണക്കേട് ഏറ്റുവാങ്ങിയത്. 9 മിസോറം താരങ്ങൾ പൂജ്യത്തിന് പുറത്തായപ്പോൾ, അവർ ഉയർത്തിയ 10 റൺസ് വിജയലക്ഷ്യം വെറും ഒരോവറിൽ മധ്യപ്രദേശ് മറികടന്നു.

പോണ്ടിച്ചേരിയിലെ പാൽമിറ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിലായിരുന്നു മിസോറമിന്റെ നാണക്കേട്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മിസോറം താരങ്ങൾ ബാറ്റിംഗിന്റെ അടിസ്ഥാന പാഠം പോലും മറന്നപ്പോൾ അവിശ്വസനീയ തകർച്ചയായിരുന്നു അവരെ കാത്തിരുന്നത്. 9 പേർ അക്കൗണ്ട് തുറക്കാതെ പുറത്തായ മത്സരത്തിൽ അഞ്ചാമതായി ബാറ്റിംഗിനെത്തിയ അപൂർവ്വ ഭരദ്വാജ് മാത്രമാണ് റൺ കണ്ടെത്തിയത്. അപൂർവ്വ, പുറത്താകാതെ നേടിയ 6 റൺസുകൾക്ക് പുറമേ, 3 എക്സ്ട്രാസ് റണ്ണുകളും കൂടി ചേർത്താണ് മിസോറം ടോട്ടൽ 9 ലെത്തിയത്. 13.5 ഓവറുകളിലാണ് മിസോറമിന്റെ ഇന്നിംഗ്സ് അവസാനിച്ചത്.

മത്സരത്തിൽ മിസോറമിനായി അക്കൗണ്ട് തുറന്ന ഏകതാരമായ അപൂർവ്വ ഭരദ്വാജ് 25 പന്തുകൾ നേരിട്ട് ഒരു ബൗണ്ടറിയടക്കമാണ് 6 റൺസ് നേടിയത്. 7 ബോളർമാരെയാണ് മത്സരത്തിൽ മധ്യപ്രദേശ് ഉപയോഗിച്ചത്. ഇതിൽ ഒരു താരത്തിന് മാത്രമാണ് വിക്കറ്റ് ലഭിക്കാതിരുന്നത്. നേരത്തെ കേരളത്തിനെതിരായ മത്സരത്തിലും മിസോറം നാണം കെട്ട ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ചിരുന്നു. കേരളത്തിനെതിരെ 24 റൺസിൽ പുറത്തായ മിസോറം അന്നും 10 വിക്കറ്റ് പരാജയം ഏറ്റുവാങ്ങിയിരുന്നു.