SHARE

ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയിൽ വെച്ചും, ശേഷം വെസ്റ്റിൻഡീസിനെതിരെ അവരുടെ നാട്ടിൽ വെച്ചും നടക്കാനിരിക്കുന്ന പരമ്പരകൾക്കുള്ള ഇന്ത്യ എ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്‌. ഐപിഎല്ലിൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ച ശ്രേയസ് ഗോപാൽ, രാഹുൽ ചഹർ, ശുഭ്മാൻ ഗിൽ എന്നിവർ ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിലും, വൃദ്ധിമാൻ സാഹ, ഋഷഭ് പന്ത്, ശ്രേയസ് അയ്യർ എന്നിവർ വിൻഡീസ് പര്യടനത്തിനുള്ള‌ടീമിലും ഇടം പിടിച്ചു. ഈ സൂപ്പർ താരങ്ങൾ ഇന്ത്യ എ ടീമിൽ ഇടം പിടിച്ചതിനേക്കാൾ ശ്രദ്ധേയം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ അഭ്യന്തര ക്രിക്കറ്റിൽ മിന്നും പ്രകടനം നടത്തുന്ന ഓൾ റൗണ്ടർ ജലജ് സക്സേനയെ ടീമിൽ നിന്ന് തഴഞ്ഞതായിരുന്നു.

അഭ്യന്തര ക്രിക്കറ്റിൽ കേരളത്തിന്റെ അതിഥിതാരമായി കളിച്ച് കൊണ്ടിരിക്കുന്ന സക്സേന നേരത്തെ ഐപിഎല്ലിന് മുൻപ് ഇംഗ്ലണ്ട് ലയൺസിനെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ എ ടീമിലുണ്ടായിരുന്നു. ഈ പരമ്പരയിൽ കളിച്ച രണ്ട് മത്സരങ്ങളിൽ നിന്ന് 7 വിക്കറ്റുകളും താരം വീഴ്ത്തിയിരുന്നു.

കഴിഞ്ഞ രണ്ട് ഫസ്റ്റ് ക്ലാസ് സീസണുകളിൽ ബാറ്റിംഗിൽ 44.00 ശരാശരിയും, ബോളിംഗിൽ 20.41 ശരാശരിയും കൈമുതലായുള്ള‌ സക്സേനയെ ഇന്ത്യ എ ടീമിൽ നിന്ന് തഴഞ്ഞത് എന്ത് കൊണ്ടാണെന്നതിന് വ്യക്തതയില്ല. 17 മത്സരങ്ങളിൽ 73 വിക്കറ്റുകളാണ് പോയ സീസണുകളിൽ താരത്തിന്റെ സമ്പാദ്യം. ഇന്ത്യ എ ടീമിൽ നിന്ന് പുറത്താക്കപ്പെട്ടത് ജലജ് സക്സേനയ്ക്ക് വലിയ ഞെട്ടലാണ്‌ സമ്മാനിച്ചിരിക്കുന്നത്. ട്വിറ്ററിൽ തന്റെ നിരാശ പ്രകടിപ്പിച്ച് താരം രംഗത്ത് വന്നിട്ടുമുണ്ട്.