SHARE

നാളെ ഓസ്ട്രേലിയക്കെതിരെ ആരംഭിക്കാനിരിക്കുന്ന 4 മത്സര ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ സാധ്യതകളിൽ പ്രധാനിയാവുക പൂർണ ഫിറ്റ്നസിലുള്ള യുവ പേസർ ജസ്പ്രിത് ബുംറ ആയിരിക്കുമെന്ന് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ അലൻ ബോർഡർ. കഴിഞ്ഞ ഓസീസ് പര്യടനത്തിൽ പുറത്തെടുത്ത മികവ് ഒരിക്കൽക്കൂടി കാഴ്ച വെക്കാൻ ബുംറയ്ക്ക് കഴിഞ്ഞാൽ ഇക്കുറിയും ടെസ്റ്റിൽ ഇന്ത്യയ്ക്ക് മികച്ച സാധ്യതകളുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന ബോർഡർ, ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസമാകാനുള്ള കഴിവ് ബുംറയ്ക്കുണ്ടെന്നും കൂട്ടിച്ചേർത്തു.

താൻ ബുംറയുടെ വലിയ ആരാധകനാണെന്ന് ബോർഡർ പറയുന്നു. പൂർണ ആരോഗ്യവാനാണെങ്കിൽ ബുംറയ്ക്ക് ഇന്ത്യയ്ക്കായി മത്സരങ്ങൾ വിജയിപ്പിക്കാൻ പറ്റുമെന്നും, ഓസ്ട്രേലിയൻ പിച്ചുകൾ അല്പം ബൗൺസും, മികച്ച സീം മൂവ്മെന്റും അദ്ദേഹത്തിന് നൽകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യ വിജയിക്കണമെങ്കിൽ ബുംറ മികച്ച ഫോമിൽ മുന്നോട്ടു വരണമെന്നും, കഴിഞ്ഞ പര്യടനത്തിൽ ചെയ്തതു പോലെ പ്രധാനപ്പെട്ട വിക്കറ്റുകൾ നേടണമെന്നും നിർദ്ദേശിക്കുന്ന അലൻ ബോർഡർ, ബുംറയായിരിക്കും പരമ്പരയിലെ യഥാർത്ഥ വ്യത്യാസമെന്നും അഭിപ്രായപ്പെട്ടു.

“നിങ്ങളുടെ ബാറ്റിംഗ് നിരയ്ക്ക് മതിയായ റൺസ് ലഭിക്കുമെന്ന് നിങ്ങൾ എല്ലായ്പ്പോളും കരുതുന്നു. ടെസ്റ്റ് വിജയിക്കാൻ നിങ്ങൾക്ക് 20 വിക്കറ്റുകൾ ആവശ്യമാണ്. അവൻ (ബുംറ) ആരോഗ്യവാനാണെങ്കിൽ അവനായിരിക്കും പ്രധാന കളികാരനായി മാറാൻ പോകുന്നത്. അവൻ ഒരു ആക്രമണകാരിയാണ്.” ബോർഡർ പറഞ്ഞു നിർത്തി.

അതേ സമയം 2018-19 സീസണിൽ ഓസ്ട്രേലിയക്കെതിരെ നടന്ന നാല് മത്സര ടെസ്റ്റ് പരമ്പരയിലെ ഉയർന്ന വിക്കറ്റ് വേട്ടക്കാരനായിരുന്നു ബുംറ. 4 മത്സരങ്ങളിൽ 21 വിക്കറ്റുകൾ വീഴ്ത്തിയ ബുംറ അന്ന് ഇന്ത്യയുടെ പരമ്പര വിജയത്തിൽ നിർണായക പങ്കാണ് വഹിച്ചത്.