SHARE

ഈ സീസണവസാനത്തോടെ പരിശീലകൻ മാസിമില്യാനോ അല്ലെ​ഗ്രി യുവന്റസ് വിടും. അഞ്ച് വർഷമായി യുവന്റസ് പരിശീലകനായിരുന്ന ശേഷമാണ് അല്ലെ​ഗ്രി പുറത്തേക്ക് പോകുന്നത്. ക്ലബ് അധികൃതർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

2014-ലാണ് എ.സി. മിലാനിൽ നിന്ന് അല്ലെ​ഗ്രി യുവന്റസിലെത്തുന്നത്. തുടർന്ന് ഇതുവരെ യുവന്റസിന് എല്ലാ സീസണുകളിലും സെരി എ ജേതാക്കളാക്കാൻ അല്ലെ​ഗ്രിക്ക് സാധിച്ചു. എന്നാൽ ക്ലബ് ഏറെ നാളായി മോഹിക്കുന്ന ചാമ്പ്യൻസ് ലീ​ഗ് അല്ലെ​ഗ്രിക്കും കിട്ടാക്കനിയായി. രണ്ട് തവണ അല്ലെ​ഗ്രിക്ക് കീഴിൽ യുവന്റസ് ഫൈനലിലെത്തിയെങ്കിലും തോൽക്കാനായിരുന്നു വിധി.

ഇക്കുറി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിച്ചിട്ടും ചാമ്പ്യൻസ് ലീ​ഗിൽ ക്വാർട്ടറിലെത്താനെ അല്ല​ഗ്രിക്കായുള്ളു. ഇതിന് പുറമെ അല്ലെ​ഗ്രിയുടെ കളിശൈലിയോട് റൊണാൾഡോയടക്കമുള്ള താരങ്ങൾ വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. പൗളോ ഡിബാലയടക്കമുള്ള സൂപ്പർ താരങ്ങൾ അല്ലെ​ഗ്രിയുമായി അത്ര ചേർച്ചയിലല്ലെന്നും വാർത്തകളുണ്ടായിരുന്നു.

ഈ സാഹചര്യത്തിലാണ് അല്ലെ​ഗ്രിയുമായി വേർപിരിയാൻ യുവന്റസ് തീരുമാനിച്ചത്. നാളെ അല്ലെ​ഗ്രിയും ക്ലബ് പ്രസിഡന്റും തമ്മിലുള്ള ചർച്ചയ്ക്ക് ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും ക്ലബ് അറിയിച്ചു. അതേസമയം തന്നെ അല്ലെ​ഗ്രിക്ക് പകരക്കാരനെയും യുവന്റസ് അന്വേഷിച്ചുതുടങ്ങി. മുൻ പരിശീലകൻ അന്റോണിയോ കോണ്ടെയടക്കമുള്ളവരുടെ പേരുകൾ ചർച്ചയിലുണ്ട്.