SHARE

അ‍ഞ്ച് ​ഗോൾ അടിച്ചാൽ പോലും വിജയമുറപ്പില്ലാതിരുന്ന ടീമായിരുന്നു ലിവർപൂൾ. എന്നാലിപ്പോൾ വെറും ഒരു ​ഗോൾ അടിച്ചാൽ പോലും ലിവർപൂൾ വിജയിക്കുമെന്ന് ആരാധകർ വിശ്വസിക്കുന്നു. ആ വിശ്വാസങ്ങൾക്ക് അവർ നൽകിയ പേരുകളാണ് അലിസൻ ബെക്കറിന്റേതും വിർജിൽ വാൻ ഡൈക്കിന്റേതും.

2019 കലണ്ടർ വർഷം അവസാനിക്കുമ്പോൾ ചാമ്പ്യൻസ് ലീ​ഗ്, യൂറോപ്യൻ സൂപ്പർ കപ്പ്, ക്ലബ് ലോകകപ്പ് എന്നീ മൂന്ന് കിരീടങ്ങൾ സ്വന്തമാക്കി, പ്രീമിയർ ലീ​ഗ് സീസണിൽ തോൽവിയറിയാതെ ഒന്നാം സ്ഥാനത്ത് കുതിക്കുകയാണ് ലിവർപൂൾ. അതിന് പ്രധാനമായും നന്ദി പറയേണ്ടത് അലിസനോടും വാൻ ഡൈക്കിനോടുമാണ്. ചാമ്പ്യൻസ് ലീ​ഗ് സെമിയിലെ നിർണായമായ രണ്ടാം പാദത്തിലും ഫൈനലിലും ക്ലീൻ ഷീറ്റ് ലിവർപൂൾ സ്വന്തമാക്കിയത് ഈ രണ്ട് പേരുടേയും മികവിലാണ്.

പതിവിന് വിപരീതമായി വൻ വില മുടക്കി ലിവർപൂൾ സ്വന്തമാക്കിയതാണ് ഇരുവരേയും. വാൻ ഡൈക്കിനെ സതാംപ്ടനിൽ നിന്ന് 75 ദശലക്ഷം യൂറോ മുടക്കിയാണ് ലിവർപൂൾ ടീമിലെത്തിച്ചത്. ഒരു പ്രതിരേധതാരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയായിരുന്നു അന്ന് അത്. ഈ നീക്കത്തെ പല കളിനിരീക്ഷകരും സംശയത്തോടെയാണ് കണ്ടത്. എന്നാൽ സീസണിന്റെ പകുതിക്ക് ടീമിലെത്തിയ വാൻ ഡൈക്ക് ആ വർഷം ലീവർപൂളിനെ ചാമ്പ്യൻസ് ലീ​ഗ് ഫൈനലിലെത്തിക്കുന്നതിൽ വഹിച്ച പങ്ക് ശ്രദ്ധേയമാണ്.

ചാമ്പ്യൻസ് ലീ​ഗ് ഫൈനലിൽ ​ഗോളി ലോറിസ് കരിയസ് നടത്തിയ ദയനീയ പ്രകടനമാണ് പുതിയ ​ഗോളിയെ തേടാൻ യുർ​ഗൻ ക്ലോപ്പിനെ പ്രേരിപ്പിച്ചത്. ആ അന്വേഷണം അവസാനിച്ചത് അലിസൻ ബെക്കറിലും. 66 ദശലക്ഷം യൂറോ മുടക്കി ഇറ്റാലിയൻ ക്ലബ് റോമയിൽ നിന്നാണ് ക്ലോപ് അലിസനെ സ്വന്തമാക്കിയത്.

കഴിഞ്ഞ പ്രീമിയർ ലീ​ഗ് സീസണിലെ മികച്ച ​ഗോളി, ചാമ്പ്യൻസ് ലീ​ഗിലെ മികച്ച ​ഗോളി, ഫിഫ മികച്ച ​ഗോളി, യാഷിൻ പുരസ്കാരം തുടങ്ങി ഒരുപിടി നേട്ടങ്ങളാണ് ഈ വർഷം അലിസൻ സ്വന്തമാക്കിയത്. ഇതിൽ അലിസന് മികച്ച പിന്തുണ നൽകിയത് ലിവർപൂളിന്റെ പ്രതിരോധത്തിൽ പാറപോലെ ഉറച്ചുനിന്ന വാൻഡൈക്കും.

ഒട്ടേറെ വ്യക്തി​ഗത പുര്സകാരങ്ങൾ ഇരുവർക്കും ഈ വർഷം ലഭിച്ചു. ഈ സീസണിലും ഇരുവരും ലിവർപൂളിനായി മികച്ച പ്രകടനമാണ് നടത്തുന്നത്. ഏറെ നാളായി ലിവർപൂൾ ആരാധകർ സ്വപ്നം കാണുന്ന പ്രീമിയർ ലീ​ഗ് കിരീടം ക്ലബിന് സ്വന്തമാക്കിക്കൊടുക്കാൻ ഈ രണ്ട് വന്മതിലുകൾക്ക് സാധിക്കുമോയെന്ന് കാത്തിരുന്ന് കാണാം.