SHARE

കഴിഞ്ഞയാഴ്ചയാണ് ഐപിഎൽ ടീമായ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ പരിശീലകനായിരുന്ന മൈക്ക് ഹെസൺ ടീമിനൊപ്പമുള്ള സേവനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. പഞ്ചാബിനൊപ്പം ഒരു വർഷ കരാർ കൂടി ബാക്കി നിൽക്കെയായിരുന്നു ഹെസൺ ടീം വിട്ടത്. മുൻ ന്യൂസിലൻഡ് പരിശീലകൻ കൂടിയായിരുന്ന ഹെസൺ പഞ്ചാബ് വിട്ടത് ആരാധകർക്ക് വലിയ ഞെട്ടൽ സമ്മാനിച്ചിരുന്നു. എന്നാൽ ഇപ്പോളിതാ ഹെസൺ പടിയിറങ്ങിയതിന് പിന്നാലെ കിംഗ്സ് ഇലകൻ പഞ്ചാബിന്റെ കോച്ചിംഗ് സ്റ്റാഫ് കൂട്ടത്തോടെ രാജിവെച്ചിരിക്കുകയാണ്.

മൈക് ഹെസണിനൊപ്പം പോയ സീസണിൽ കിംഗ്സ് ഇലവൻ ടീമിനെ പരിശീലിപ്പിച്ചിരുന്ന മൂന്ന് പേരാണ് ഇപ്പോൾ രാജി‌സമർപ്പിച്ചിരിക്കുന്നത്. ഫീൽഡിംഗ് പരിശീലകൻ ക്രെയിഗ് മക്മില്ലൻ, ബോളിംഗ് പരിശീലകൻ റയാൻ ഹാരിസ്, സഹ പരിശീലകൻ ശ്രീധരൻ ശ്രീറാം എന്നിവരാണ് ഇവർ. അതേ സമയം ഇവർ രാജി‌സമർപ്പിച്ചതിന്റെ കാരണം ഇത് വരെ വ്യക്തമായിട്ടില്ല. കോച്ചിംഗ് സ്റ്റാഫിലെ അംഗങ്ങൾ കൂട്ട രാജി സമർപ്പിച്ചതിന് കാരണമെന്തെന്ന ചോദ്യത്തിന്, അവരെല്ലാം സ്വന്തം താല്പര്യപ്രകാരമാണ് ടീം വിട്ടതെന്ന് മാത്രമാണ് കിംഗ്സ് ഇലവൻ പഞ്ചാബുമായി അടുത്ത വൃത്തം വ്യക്തമാക്കിയത്.