SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗിന്റെ ഒമ്പതാം സീസണിൽ എഫ്സി ​ഗോവയ്ക്ക് വേണ്ടിയാകും അൽവാരോ വാസ്ക്വസ് കളിക്കുക. സ്പാനിഷ് സ്ട്രൈക്കറായ വാസ്ക്വസ് കേരളാ ബ്ലാസ്റ്റേഴ്സിലൂടെയാണ് കഴിഞ്ഞ സീസണിൽ ഇന്ത്യയിലെത്തുന്നത്. ബ്ലാസ്റ്റേഴ്സിനെ ഐഎസ്എൽ ഫൈനലിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കും വാസ്ക്വസ് വഹിച്ചു.

വാസ്ക്വസ് ബ്ലാസ്റ്റേഴ്സിൽ തുടരുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ താരം ​ഗോവയിലേക്ക് കൂടുമാറുകയായിരുന്നു. പ്രതിഫലമടക്കമുള്ള കാര്യങ്ങളിലെ അഭിപ്രായവ്യത്യാസമാണ് വാസ്ക്വസിനെ ബ്ലാസ്റ്റേഴ്സിൽ നിന്ന് അകറ്റിയതെന്നാണ് സൂചന. അതേസമയം ​ഗോവയ്ക്കാകട്ടെ, കഴിഞ്ഞ സീസണിന് മുമ്പ് സ്വന്തമാക്കാൻ ശ്രമിച്ച് പരാജയപ്പെട്ട താരത്തെ ഒപ്പം കൂട്ടാനായതിന്റെ സന്തോഷമാണുള്ളത്. ​ഗോവയിലേക്ക് വരാനുള്ള തീരുമാനത്തിന് പിന്നിലെ കാരണം വാസ്ക്വസ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പങ്കുവച്ചു.

​ഗോവയുടെ താൽപര്യം എന്നെ ആദ്യമറിയിച്ചത് ഏജന്റാണ്, അതിനുശേഷം ​ഗോവയിൽ മുമ്പ് കളിച്ചിട്ടുള്ള ചില താരങ്ങളുമായി സംസാരിക്കാൻ എനിക്ക് അവസരം ലഭിച്ചു, അവർ ​ഗോവയിലെ അനുഭവങ്ങൾ പറഞ്ഞു, അതിനുശേഷമാണ് ഞാൻ ​ഗോവ പരിശീലകൻ കാർലോസ് പെനയുമായി സംസാരിച്ചത്, ​ഗോവയിലേക്ക് വരുക എന്നത് ഞാൻ എടുക്കേണ്ട തീരുമാനമാണെന്നും അത് എനിക്ക് മുന്നിൽ വലിയ വെല്ലുവിളിയൊരുക്കുമെന്നും പെന, എനിക്ക് വ്യക്തമാക്കിത്തന്നു, മുമ്പ് ​ഗോവയിൽ കളിച്ചിട്ടുള്ള പെനയ്ക്ക് ഈ ലീ​ഗിനെക്കുറിച്ച് നന്നായി അറിയാം, വാസ്ക്വസ് പറഞ്ഞതായി ഖേൽനൗ റിപ്പോർട്ട് ചെയ്തു.