SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സ് നടത്തിയ ഏറ്റവും സൂപ്പർ സൈനിങ്ങാണ് അൽവാരോ വാസ്ക്വസിന്റേത്. സ്പാനിഷ് സ്ട്രൈക്കറായ വാസ്ക്വസിന് എന്നാൽ ബ്ലാസ്റ്റേഴ്സിൽ താളം കണ്ടെത്താൻ അൽപ്പം സമയമെടുത്തു. സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും നിരാശപ്പെടുത്തിയ വാസ്ക്വസ് ഒഡിഷയ്ക്കെതിരായ പോരാട്ടത്തിൽ തകർപ്പൻ ​ഗോളോടെ ആത്മിവശ്വാസം വീണ്ടെടുത്തു.

പുതിയ ക്ലബിനായി ആദ്യ ​ഗോൾ നേടിയതിന് തൊട്ടുപിന്നാലെ തുടർച്ചയായി ആക്രമണം നടത്തിയ വാസ്ക്വസ് വരും മത്സരങ്ങളിൽ തന്റെ ​ഗോളടി മികവ് തുടരാനാണ് പദ്ധതിയിടുന്നത്. സീസണിലെ ആദ്യ വിജയത്തോടെ ടീമും വലിയ ആത്മവിശ്വാസത്തിലാണെന്നാണ് വാസ്ക്വസ് പറഞ്ഞത്. ഒഡിഷയ്ക്കെതിരായ മത്സരശേഷം ഒരാഴ്ചത്തെ അടുത്ത മത്സരത്തിനായി ഒരാഴ്ച സമയം ലഭിച്ചത് താരങ്ങൾക്ക് വിശ്രമം ലഭിക്കാനും നന്നായി തയ്യാറെടുക്കാനും സാഹചര്യമൊരുക്കിയെന്നും വാസ്ക്വസ് പറഞ്ഞു. സ്പോർട്സ്കീഡയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വാസ്ക്വസ് ഇക്കാര്യം വ്യക്തമാക്കിയത്.

ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ യുവതാരങ്ങളെക്കുറിച്ച് വാനോളം പുകഴ്ത്തിയാണ് വാസ്ക്വസ് സംസാരിച്ചത്. ടീമിലുള്ള യുവതാരങ്ങളിൽ കൂടുതൽ പേരും ചുറപ്പമാണ്, അവർക്ക് ശോഭനമായ ഭാവിയുണ്ട്, ലക്ഷ്യം കൈവരിക്കാനായി കഠിനാധ്വാനം ചെയ്യുന്നത് അവർ തുടർന്നുകൊണ്ടിരിക്കണം, എനിക്കുറപ്പുണ്ട് അവർ ചരിത്രം രചിക്കും, വാസ്ക്വസ് പറഞ്ഞു.