SHARE

ട്രാൻസ്ഫർ ജാലകത്തിന്റെ സമയപരിധി കഴിഞ്ഞശേഷവും അനിശ്ചിതത്വത്തിൽ തുടർന്ന അമർജിത് സിങ്ങിന്റെ ഭാവിയിൽ ഒടുവിൽ തീരുമാനം. മുൻ അണ്ടർ 17 ടീം ക്യാപ്റ്റനായ അമർജിത് എഫ്.സി ​ഗോവയുമായി ദീർഘകാലം കരാർ ഒപ്പുവച്ചു. സ്പോർട്സ് ജേർണലിസ്റ്റ് മാർക്കസ് മെർഹുലാവോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

ജെംഷദ്പുരിന്റെ മധ്യനിരതാരമായ അമർജിത്തിനെ സ്വന്തമാക്കാൻ ​ഗോവയടക്കം മൂന്ന് ക്ലബുകൾ രം​ഗത്തുണ്ടായിരുന്നു. അതിനാൽ തന്നെ ട്രാൻസ്ഫർ ജാലകത്തിൽ അമർജിത്തിന്റെ ക്ലബ് മാറ്റം വിജയിച്ചില്ല. പിന്നീട് ട്രാൻസ്ഫർ ജാലകത്തിന് പുറത്താണ് ഈ കൂടുമാറ്റം നടന്നത്. റിപ്പോർട്ടുകൾ പ്രകാരം ട്രാൻസ്ഫർ ജാലകത്തിന്റെ സമയപരിധി അവസാനിക്കും മുമ്പ് അമർജിത്തിന്റെ കരാർ ജെംഷദ്പുർ റദ്ദാക്കിയിരുന്നു. ഇങ്ങനെ ഫ്രീ ഏജന്റാകുന്ന താരങ്ങളെ ട്രാൻസ്ഫർ ജാലകത്തിന് പുറത്ത് മറ്റ് ക്ലബുകൾക്ക് സ്വന്തമാകാം. ഈ നിയമപ്രകാരമാണ്​ ​ഗോവ അമർജിത്തിനെ കൂടെക്കൂട്ടിയതെന്നാണ് സൂചന.

അമർജിത് പോയെങ്കിലും മറ്റൊരു മുൻ അണ്ടർ 17 താരം ബോറിസ് സിങ് ജെംഷദ്പുരിലെത്തിയിട്ടുണ്ട്. പ്രതിരോധതാരമായ ബോറിസ് എ.ടി.കെയിൽ നിന്നാണ് ജെംഷദ്പുരിലെത്തുന്നത്.