SHARE

കഴിഞ്ഞ സീസൺ ഐപിഎല്ലിൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ചതിന് പിന്നാലെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലേക്ക് അമ്പാട്ടി റായുഡുവിനെ സെലക്ടർമാർ തിരഞ്ഞെടുത്തിരുന്നു. എന്നാൽ ഫിറ്റ്നസ് പരീക്ഷയായ യോ-യോ ടെസ്റ്റിൽ പരാജയപ്പെട്ടതിനെത്തുടർന്ന് താരത്തെ പിന്നീട് ടീമിൽ നിന്നൊഴിവാക്കി. അമ്പാട്ടി റായുഡുവിനൊപ്പം യുവതാരം സഞ്ജു സാംസണേയും യോ-യോ ടെസ്റ്റിൽ പരാജയപ്പെട്ടതി നാൽ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു.

അതേ സമയം ദക്ഷിണാഫ്രിക്ക എ, ഓസ്ട്രേലിയ എ ടീമുകൾ പങ്കെടുക്കുന്ന ക്വാഡ്രാംഗുലർ പരമ്പരയ്ക്കുള്ള ഇന്ത്യ എ, ഇന്ത്യ ബി ടീമുകളെ ഇന്നലെ പ്രഖ്യാപിച്ചപ്പോൾ റായുഡുവിന് അവിടെയും അവസരം ലഭിച്ചില്ല. നേരത്തെ യോ-യോ ടെസ്റ്റിൽ പരാജയപ്പെട്ടിരുന്ന സഞ്ജു സാംസൺ ടീമിലേക്ക് മടങ്ങിയെത്തിയപ്പോൾ റായുഡുവിന് അവസരം ലഭിക്കാതിരുന്നത് എന്ത് കൊണ്ടാണെന്ന കാര്യത്തിൽ ക്രിക്കറ്റ് പ്രേമികൾക്ക് സംശയം ഉണ്ടായിരുന്നു.

എന്നാൽ ആദ്യ തവണ യോ-യോ ടെസ്റ്റിൽ പരാജയപ്പെട്ട റായുഡു പിന്നീട് ഫിറ്റ്നസ് പരീക്ഷയായ യോ-യോ ടെസ്റ്റിൽ  പങ്കെടുക്കാതിരുന്നതാണ് താരത്തെ ടീമിലേക്ക് പരിഗണിക്കാതിരുന്നതിന് കാരണമെന്ന് മുംബൈ ‌മിറർ റിപ്പോർട്ട് ചെയ്യുന്നു. ആദ്യ ശ്രമത്തിൽ യോ-യോ ടെസ്റ്റ് റായുഡു പരാജയപ്പെട്ടിരുന്നതായും ഇന്ത്യൻ ടീമിന്റെ പ്രധാന സെലക്ഷൻ മാനദണ്ഡങ്ങളിലൊന്നായ യോ-യോ ടെസ്റ്റ് പാസാവാൻ പിന്നീട് റായുഡു ശ്രമങ്ങളൊന്നും നടത്തിയില്ലെന്നും മുംബൈ മിററിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇതേത്തുടർന്ന് ഇന്ത്യ എ, ഇന്ത്യ ബി ടീമുകൾക്ക് പുറമേ, ദുലീപ് ട്രോഫിക്കുള്ള ഇന്ത്യ ബ്ലൂ, റെഡ്, ഗ്രീൻ ടീമുകളിലേക്കും താരത്തെ പരിഗണിച്ചില്ല.