SHARE

ചെന്നൈ സൂപ്പർ കിംഗ്സ് താരം എൻ ജഗദീശൻ, അടുത്ത സീസൺ ഐപിഎൽ മുതൽ ടീമിന്റെ ആദ്യ ഇലവനിലുണ്ടാകുമെന്ന് അടുത്തിടെ ക്രിക്കറ്റിൽ നിന്ന് വിരമിച്ച സീനിയർ താരം അമ്പാട്ടി റായുഡു. കഴിഞ്ഞ ദിവസം ഡിണ്ടിഗൽ ഡ്രാഗണും, വി.ബി കാഞ്ചി വീരനും തമ്മിലുള്ള തമിഴ്നാട് പ്രീമിയർ ലീഗ് മത്സരം കാണാനെത്തിയപ്പോളായിരുന്നു ഡിണ്ടിഗൽ ഡ്രാഗൺസിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ജഗദീശനെ വാനോളം പുകഴ്ത്തി റായുഡു രംഗത്ത് വന്നത്.

നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന തമിഴ്നാട് പ്രീമിയർ ലീഗിൽ മിന്നും ഫോമിലാണ് ജഗദീശൻ. ഇത് വരെ കളിച്ച 6 മത്സരങ്ങളിൽ ഒരു സെഞ്ചുറിയും, മൂന്ന് അർധ സെഞ്ചുറിയുമടക്കം 361 റൺസാണ് ജഗദീശൻ നേടിയിട്ടുള്ളത്. ഈ ഫോം തുടർന്നാൽ വരും സീസൺ ഐപിഎല്ലിൽ ജഗദീശൻ, ചെന്നൈ സൂപ്പർ കിംഗ്സിന്റെ നിർണായക താരമാകുമെന്നാണ് റായുഡു വിലയിരുത്തുന്നത്.

ജഗദീശനെക്കുറിച്ച് റായുഡുവിന്റെ വാക്കുകൾ ഇങ്ങനെ, “കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജഗദീശൻ കളിക്കുന്നത് ഞാൻ കാണുന്നുണ്ട്. അദ്ദേഹം ചെന്നൈ സൂപ്പർ കിംഗ്സ് താരമാണ്. വലിയ പ്രതിഭയുള്ള താരമാണ് ജഗദീശൻ. അദ്ദേഹം ഇപ്പോൾ കളിക്കുന്ന രീതി വളരെ ആകർഷകമാണ്. വരും സീസണിൽ ജഗദീശൻ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആദ്യ ഇലവനിൽ ഉണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷ. ” റായുഡു പറഞ്ഞു നിർത്തി.