SHARE

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ പകരക്കാരനായിപ്പോലും ഇടം ലഭിക്കാതിരുന്നതിന് പിന്നാലെയായിരുന്നു ഇന്ത്യൻ സൂപ്പർ താരം അമ്പാട്ടി റായുഡു എല്ലാത്തരം ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്‌. ഇനിയും ഏറെ നാൾ തന്റെ ക്രിക്കറ്റ് കരിയറിൽ ബാക്കി നിൽക്കേ താരം വിരമിച്ചത് ക്രിക്കറ്റ് ലോകത്തിന് മുഴുവൻ വലിയ ഞെട്ടൽ സമ്മാനിച്ചിരുന്നു. എന്നാൽ ഇപ്പോളിതാ തന്റെ ആരാധകർക്ക് ഒരു‌ സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.

2020 ൽ നടക്കാനിരിക്കുന്ന അടുത്ത സീസൺ ഐപിഎല്ലിലും താൻ കളിക്കാനുണ്ടാകുമെന്ന് കഴിഞ്ഞ‌ദിവസം അമ്പാട്ടി റായുഡു വ്യക്തമാക്കിയതാണ് ആരാധകർക്ക് ആവേശം നൽകുന്നത്. കഴിഞ്ഞ‌ ദിവസം സ്പോർട്സ് സ്റ്റാറിനോട് സംസാരിക്കവെയായിരുന്നു 2018 ഐപിഎല്ലിലെ ചെന്നൈ‌സൂപ്പർ കിംഗ്സിന്റെ ടോപ് സ്കോറർ കൂടിയായിരുന്ന റായുഡു മനസ് തുറന്നത്. ” ചെന്നൈ സൂപ്പർ കിംഗ്സ് തനിക്ക് എല്ലായ്പ്പോളും വലിയ പിന്തുണ നൽകുന്നുണ്ടെന്നത് ഏറെ സന്തോഷകരമാണ്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ പ്രതിനിധീകരിക്കുന്നതിന് വേണ്ടി മികച്ച രീതിയിൽ താൻ മുന്നൊരുക്കം നടത്തും. ഉറപ്പായും ഞാൻ ഐപിഎല്ലിൽ കളിക്കും.” റായുഡു പറഞ്ഞുനിർത്തി.

2018 -ൽ ചെന്നൈ സൂപ്പർ കിംഗ്സ് കിരീടം നേടിയ ഐപിഎല്ലിൽ ഉജ്ജ്വല പ്രകടനം കാഴ്ച വെച്ച താരമാണ് റായുഡു. 600 ലധികം റൺസ് ആ സീസണിൽ ചെന്നൈയ്ക്കായി നേടിയ റായുഡു തന്നെയായിരുന്നു 2018 ൽ അവരുടെ ടോപ്‌സ്കോറർ. എന്നാൽ കഴിഞ്ഞ സീസൺ ഐപിഎല്ലിൽ ദയനീയ പ്രകടനമായിരുന്നു താരത്തിന്റേത്. 17 ഇന്നിംഗ്സുകളിൽ നിന്ന് വെറും 282 റൺസ് മാത്രമായിരുന്നു 2019 ൽ റായുഡുവിന് നേടാനായത്.