SHARE

അമ്പാട്ടി റായുഡു ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിച്ച് കഴിഞ്ഞതായി മുൻ ഇന്ത്യൻ താരം വി വി എസ് ലക്ഷ്മൺ. ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ നാലാം സ്ഥാനത്ത്‌ കളിക്കാൻ ഏറ്റവും അനുയോജ്യനായ താരവും അമ്പാട്ടി റായുഡുവാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ‌ ദിവസം ദുബായിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യത്തിൽ മനസ് തുറന്നത്.

“സമീപകാലത്തായി മികച്ച പ്രകടനമാണ് റായുഡു കാഴ്ച വെക്കുന്നത്. ന്യൂസിലൻഡിനെതിരായ അവസാന ഏകദിനത്തിലെ 90 റൺസ് ഇന്നിംഗ്സോടെ അദ്ദേഹം തന്റെ മികവ് തെളിയിച്ചുകഴിഞ്ഞു. മത്സരത്തിൽ ഇന്ത്യയെ ജയത്തിലേക്ക് നയിച്ച ആ ഇന്നിംഗ്സോടെ റായുഡു ഇന്ത്യൻ ടീമിലും തന്റെ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. ” ലക്ഷ്മൺ പറഞ്ഞുനിർത്തി.

അതേ സമയം ഓസ്ട്രേലിയക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിൽ നിരാശാജനകമായ പ്രകടനം കാഴ്ച വെച്ച അമ്പാട്ടി റായുഡു, ന്യൂസിലൻഡിനെതിരായ പരമ്പരയിലായിരുന്നു മികവിലേക്കുയർന്നത്. ഓസീസിൽ കളിച്ച 2 മത്സരങ്ങളിൽ വെറും 24 റൺസ് മാത്രം നേടാൻ കഴിഞ്ഞ റായുഡു, ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ അഞ്ച് ഇന്നിംഗ്സുകളിൽ നിന്ന് 190 റൺസ് നേടി പരമ്പരയിലെ ടോപ്സ്കോററുമായിരുന്നു.