SHARE

കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ഇന്ത്യൻ മധ്യനിര ബാറ്റ്സ്മാൻ അമ്പാട്ടി റായുഡു ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചത്. ലോകകപ്പ് ടീമിൽ പകരക്കാരനായി പോലും അവസരം ലഭിക്കാത്തതിൽ മനം നൊന്തായിരുന്നു താരത്തിന്റെ വിരമിക്കൽ. എന്നാൽ വിരമിക്കൽ പ്രഖ്യാപിച്ച് കുറച്ച് നാളുകൾക്ക് ശേഷം കളി നിർത്താനുള്ള തന്റെ തീരുമാനം റായുഡു പിൻ വലിച്ചിരുന്നു. താൻ ക്രിക്കറ്റിൽ തുടരുമെന്നും, അടുത്ത സീസൺ ഐപിഎല്ലിനുണ്ടാവുമെന്നുമായിരുന്നു പിന്നീട് റായുഡു അറിയിച്ചത്.

വിരമിക്കൽ തീരുമാനത്തിൽ നിന്ന് പിന്മാറിയ റായുഡു ഈ സീസണിലെ രഞ്ജി ട്രോഫിയിൽ ഹൈദരാബാദിന് വേണ്ടി കളിക്കുമെന്നായിരുന്നു നേരത്തെ ക്രിക്കറ്റ് പ്രേമികൾ കരുതിയിരുന്നത്, എന്നാൽ ഇപ്പോളിതാ താൻ രഞ്ജി ട്രോഫിയിൽ കളിക്കില്ലെന്ന് താരം തന്നെ വ്യക്തമാക്കിയിരിക്കുന്നു. ഹൈദരാബാദ് ക്രിക്കറ്റിനുള്ളിലെ രാഷ്ട്രീയമാണ് താൻ രഞ്ജി ട്രോഫിയിൽ നിന്ന് പിന്മാറാൻ തീരുമാനമെടുത്തതിന് കാരണമെന്നാണ് റായുഡുവിന്റെ വെളിപ്പെടുത്തൽ.

“ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനുള്ളിൽ വലിയ അഴിമതികൾ നടക്കുന്നുണ്ട്. ക്രിക്കറ്റ് കളിക്കാൻ ‌കഴിയുന്ന സാഹചര്യങ്ങളല്ല നിലവിൽ ഇവിടെയുള്ളത്. സ്ഥാനം അർഹിക്കാത്ത ചില താരങ്ങൾ ഇപ്പോൾ ടീമിലേക്ക് വരുന്നുണ്ട്. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ രാഷ്ട്രീയമാണ് ഇതിന് കാരണം. ഇലക്ഷനിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ചില അനർഹരായ താരങ്ങൾ ടീമിലെത്തുന്നത്.” രഞ്ജി ട്രോഫിയിൽ നിന്ന് പിന്മാറാനുള്ള കാരണം റായുഡു ഇങ്ങനെ വ്യക്തമാക്കി.