SHARE

അമേരിക്കൻ മേജർ ലീ​ഗ് സോക്കറിലെ പ്രധാന ക്ലബാണ് എഫ്.സി സിൻസിനാറ്റി. കഴിഞ്ഞ ദിവസം പുതിയ പരിശീലകനെ ക്ലബ് പ്രഖ്യാപിച്ചു. വിഖ്യാത താരമായ ജാപ്പ് സ്റ്റാമാണ് ക്ലബിന്റ പുതിയ പരിശീലകൻ. ഈ വമ്പൻ പ്രഖ്യാപനം ആരാധകരേയും കായികപ്രേമികളേയും അറിയിക്കാൻ ക്ലബ് സമൂഹമാധ്യമങ്ങളാണ് ഉപയോ​ഗിച്ചത്. എന്നാൽ ക്ലബിനെ പറ്റിയ വലിയൊരു അബദ്ധം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റേയും എ.സി.മിലാന്റേയുമൊക്കെ പ്രധിരോധക്കോട്ട കാത്ത ഡച്ച് താരമായ സ്റ്റാമിന്റെ പരിശീലകറോളിൽ നാലാമത്തെ പ്രധാന ക്ലബാണ് സിൻസിനാറ്റി. സ്റ്റാമിനെ സ്വാ​ഗതം ചെയ്ത് ക്ലബിന്റെ ഔദ്യോ​ഗിക ട്വീറ്റാണ് ഇപ്പോൾ പരിഹാസമേറ്റുവാങ്ങുന്നത്. കാരണം സ്റ്റാമിനെ സ്വാ​ഗതം ചെയ്ത് ക്ലബ് നൽകിയ ചിത്രം താരത്തിന്റേതല്ലായിരുന്നു. സ്റ്റാമുമായി ഏറെ സാദൃശ്യങ്ങൾ തോന്നുന്ന അയാക്സ് യൂത്ത് ടീം പരിശീലകൻ ടിനസ് വാൻ ട്യൂനനർബ്രോക്കിന്റെ ചിത്രമാണ് ക്ലബ് നൽകിയത്.

ചിത്രം മാറിപ്പോയി എന്ന് ക്ലബ് അറിഞ്ഞപ്പോൾ തന്നെ വൈകി. ഇതിനകം തന്നെ ഈ അബദ്ധം സോഷ്യൽ മീഡിയ ഏറ്റെടുത്തു. തുടർന്ന് ക്ലബ് ആദ്യ ട്വീറ്റി നീക്കി സ്റ്റാമിന്റെ തന്നെ ചിത്രം നൽകി യഥാർഥ പരിശീലകന് സ്വാ​ഗതം എന്ന് കുറിയ്ക്കുകയും ചെയ്തു.

ഇം​ഗ്ലീഷ് ക്ലബ് റീഡിങ് ഡച്ച് ക്ലബുകളായ സ്വോൾ, ഫെയ്നൂർ​ദ് എന്നിവിടങ്ങളിൽ പരിശീലകവേഷമണിഞ്ഞശേഷമാണ് സ്റ്റാം അമേരിക്കയിലേക്ക് കൂടുമാറുന്നത്. ഐ.എസ്.എൽ ക്ലബ് എഫ്.സി.​ഗോവയുടെ പരിശീലകസ്ഥാനത്തേക്കും സ്റ്റാം അപേക്ഷ നൽകിയിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു