SHARE

പാകിസ്ഥാൻ സ്റ്റാർ പേസർ മൊഹമ്മദ് ആമിർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഏകദിന/ടി20 ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് താരം ഇങ്ങനെയൊരു തീരുമാനം എടുത്തത്. എന്നാൽ ഇരുപത്തിയേഴാം വയസിൽ താരം ടെസ്റ്റ് ക്രിക്കറ്റിനോട് വിട ചൊല്ലിയത് ക്രിക്കറ്റ് ലോകത്തിന് മുഴുവൻ വലിയ ഞെട്ടലാണ് സമ്മാനിച്ചിരിക്കുന്നത്‌.

2009 ജൂലൈയിൽ തന്റെ പതിനേഴാം വയസിൽ ശ്രീലങ്കയ്ക്കെതിരെ കളിച്ച് കൊണ്ട് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയ ആമിർ‌ 36 മത്സരങ്ങളാണ് ക്രിക്കറ്റിന്റെ നീളമേറിയ ഫോർമ്മാറ്റിൽ രാജ്യത്തിനായി കളിച്ചത്. 36 ടെസ്റ്റ് മത്സരങ്ങളിൽ 119 വിക്കറ്റുകൾ നേടിയ താരം 4 തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. ഈ വർഷം ജനുവരിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു താരം അവസാനമായി ടെസ്റ്റ് കളിച്ചത്.

-Advertisement-

“ക്രിക്കറ്റിന്റെ പരമ്പരാഗത മത്സരത്തിൽ പാകിസ്ഥാനെ പ്രതിനിധീകരിച്ച് ഇത്രയും നാൾ കളിക്കാനായതിൽ തനിക്ക് വലിയ അഭിമാനമുണ്ട്. ഇപ്പോൾ ടെസ്റ്റിൽ നിന്ന് പടിയിറങ്ങാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു. ഇതിലൂടെ വൈറ്റ് ബോൾ ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തനിക്ക് കഴിയും.” വിരമിക്കൽ പ്രഖ്യാപിച്ച് കൊണ്ട് പുറത്തിറക്കിയ കുറിപ്പിൽ ആമിർ പറഞ്ഞു.