SHARE

ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം ഹഷീം അംല അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരിലൊരാളായ അംലയുടെ വിരമിക്കൽ പ്രഖ്യാപനം തീർത്തും അപ്രതീക്ഷിതമാണ്. ആരാധകർക്ക് വലിയ ഞെട്ടലാണ് ഈ വാർത്ത സമ്മാനിച്ചിരിക്കുന്നത്‌.

അല്പം മുൻപായിരുന്നു താൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുകയാണെന്ന് അംല പ്രഖ്യാപിച്ചത്. എന്നാൽ ദക്ഷിണാഫ്രിക്ക‌ൻ ജേഴ്സിയിൽ കളി മതിയാക്കിയെങ്കിലും, അഭ്യന്തര ക്രിക്കറ്റിലും സാൻസി സൂപ്പർ ലീഗിലും അംല തുടർന്നും കളിക്കും. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് അംല വിരമിക്കുന്ന വാർത്ത നൽകുന്ന നിരാശയ്ക്കിടയിലും ആരാധകർക്ക് അല്പം ആശ്വാസം സമ്മാനിക്കുന്നതാണിത്.

15 വർഷം നീണ്ട അന്താരാഷ്ട്ര കരിയറിൽ 359 മത്സരങ്ങൾ ദക്ഷിണാഫ്രിക്കൻ ജേഴ്സിയിൽ അംല കളിച്ചു. 2004 ൽ ഇന്ത്യയ്ക്കെതിരെ കൊൽക്കത്തയിൽ വെച്ച് നടന്ന ടെസ്റ്റ് മത്സരത്തിൽ കളിച്ചായിരുന്നു അംല അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയത്. ടെസ്റ്റിൽ 124 മത്സരങ്ങളിൽ നിന്ന് 9282 റൺസും, ഏകദിനത്തിൽ 181 മത്സരങ്ങളിൽ നിന്ന് 8113 റൺസും നേടിയ അംല, 44 ടി20 മത്സരങ്ങളിൽ 1277 റൺസും അടിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിൽ കിംഗ്സ് ഇലവൻ പഞ്ചാബിന് വേണ്ടി കളിച്ചിട്ടുണ്ട്.