SHARE

അയര്‍ലന്‍ഡ് ദേശീയ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് ആന്‍ഡ്രു ബാല്‍ബിര്‍ണിയെ നിയമിച്ചു. 11 വര്‍ഷം ടീമിനെ നയിച്ച മുപ്പത്തഞ്ചുകാരനായ വില്യം പോര്‍ട്ടര്‍ഫീല്‍ഡ് പടിയിറങ്ങിയതോടെയാണ് ബാല്‍ബിര്‍ണി തല്‍സ്ഥാനത്ത് എത്തുന്നത്. ഏകദിന, ടെസ്റ്റ് നായക സ്ഥാനത്താണ് നിയമനം. ഗാരി വില്‍സണ്‍ ട്വന്റി20 നായക സ്ഥാനത്ത് തുടരും.

അയര്‍ലന്‍ഡിന്റെ ടെസ്റ്റിലെ രണ്ടാമത്തെയും ഏകദിനത്തിലെ അഞ്ചാമത്തെയും മാത്രം ക്യാപ്റ്റനാണ് ഇരുപത്തെട്ടുകാരനായ ബാല്‍ബിര്‍ണി. രാജ്യത്തിനായി മൂന്ന് ടെസ്റ്റും 64 ഏകദിനവും 37 ട്വന്റി-20യും കളിച്ചിട്ടുണ്ട്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലുമായി 253 മത്സരങ്ങളില്‍ പോര്‍ട്ടര്‍ഫീല്‍ഡ് ഐറിഷ് പടയെ നയിച്ചു.

2008ല്‍ ട്രന്റ് ജോണ്‍സ്റ്റണില്‍ നിന്നാണ് പോര്‍ട്ടര്‍ഫീല്‍ഡ് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. രണ്ട് ഏകദിന ലോകകപ്പിലും അഞ്ച് ട്വന്റി20 ലോകകപ്പിലും ആദ്യ ടെസ്റ്റ് മത്സരത്തിലും പോര്‍ട്ടര്‍ഫീല്‍ഡാണ് ടീമിനെ നയിച്ചത്. ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ഒഴിവായെങ്കിലും താരം തുടര്‍ന്നും കളിക്കും. പോര്‍ട്ടല്‍ഫീല്‍ഡിന്റെ നായകത്വത്തിലാണ് ടീം ടെസ്റ്റ് പദവി നേടിയത്.