SHARE

ഇന്ത്യയ്ക്കായി ഏഷ്യാകപ്പില്‍ കളിച്ച് വിരമിച്ചെങ്കിലും അനസ് എടത്തൊടിക ഇപ്പോഴും ഫുട്‌ബോളില്‍ സജീവമാണ്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധക്കോട്ട കാക്കുന്ന അനസ് ജീവിതത്തില്‍ പലവിധ പ്രതിസന്ധികളെ അതിജീവിച്ചാണ് ഫുട്‌ബോള്‍ താരമാകുന്നത്. ചെറുപ്പത്തില്‍ ഓട്ടോ ഓടിച്ചതും മറ്റും അദേഹം പലവട്ടം പലവേദികളില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ പറയാത്തൊരു കാര്യമുണ്ട്. സ്‌ട്രൈക്കറില്‍ നിന്ന് ഡിഫന്‍ഡറായ കഥ.

അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് തന്റെ ഫുട്‌ബോള്‍ ജീവിതത്തില്‍ വഴിത്തിരിവായ സംഭവം അദേഹം തുറന്നുപറയുന്നത്. അണ്ടര്‍ 19 തലം വരെ സ്‌ട്രൈക്കറായിരുന്നു. 2006ല്‍ കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍ സോണ്‍ നടക്കുന്ന സമയം. എന്‍എസ്എസ് കോളജിനായിട്ടാണ് അനസ് കളിക്കുന്നത്. പ്ലേയിംഗ് ഇലവനില്‍ അനസ് ഇല്ലായിരുന്നു. എന്നാല്‍ സബ്‌സിറ്റിയൂഷന്‍ വന്നപ്പോള്‍ അനസിനെ ഇറക്കിയത് ഡിഫന്‍സില്‍.

പിന്നീട് ആ റോള്‍ കളിജീവിതത്തിലും ഒപ്പംകൂടിയെന്ന് അനസ് പറയുന്നു. 2007ല്‍ മുംബൈ എഫ്‌സിയില്‍ പങ്കെടുക്കാന്‍ മുംബൈയ്ക്കുള്ള യാത്രയാണ് തന്റെ കരിയര്‍ മാറ്റിമറിച്ചതെന്ന് താരം പറയുന്നു. അന്ന് കഷ്ടപ്പാടുകള്‍ ഏറെ സഹിച്ചെങ്കിലും പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ എത്തിയ അനസ് അടുത്ത സീസണില്‍ ടീമിനൊപ്പം ഉണ്ടാകുമോയെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.