SHARE

കേരളം പ്രളയദുരന്തത്തില്‍ നിന്ന് അതിജീവനത്തിന്റെ വഴിതേടുമ്പോള്‍ തങ്ങളാല്‍ കഴിയുന്ന സഹായവുമായി കായികതാരങ്ങളും. ഇന്ത്യന്‍ താരം അനസ് എടത്തൊടികയാണ് പ്രളയാനന്തര ശുചീകരണത്തിനായി നാട്ടുകാര്‍ക്കൊപ്പം ചേര്‍ന്നത്. മലപ്പുറം വാഴക്കാട് ഭാഗത്ത് വെള്ളം കയറിയ വീടുകളാണ് അനസും സുഹൃത്തുക്കളും ശുചീകരിച്ചത്.

പ്രളയത്തിനുശേഷം എല്ലാദിവസവും അനസും കൂട്ടരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. രാവിലെ മുതല്‍ രാത്രിവരെ കഴിയുന്ന സഹായം ഫുട്‌ബോള്‍ താരവും കൂട്ടരും ചെയ്യുന്നുണ്ട്. അനസിനെ കൂടാതെ നിരവധി കായിക താരങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കര്‍മനിരതരാണ്.

കേരളത്തിന്റെ പലഭാഗത്തും ഫുട്‌ബോള്‍, ക്രിക്കറ്റ് ക്ലബുകളുടെ കൂട്ടായ്മയില്‍ ശുചീകരണം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണ്. വിവിധ ഫാന്‍സ് അസോസിയേഷനുകളും ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ മുന്നിലാണ്.