SHARE

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വ്യാഴാഴ്ച്ച ചെന്നൈയ്ന്‍ എഫ്‌സിയെ നേരിടാന്‍ ഒരുങ്ങുന്ന ജംഷഡ്പൂര്‍ എഫ്‌സിക്ക് തിരിച്ചടി. സ്റ്റാര്‍ ഡിഫന്‍ഡര്‍ അനസ് എടത്തൊടിക ചെന്നൈയ്ന്‍ എഫ്‌സിക്കെതിരെയും കളിക്കില്ലെന്ന് ടീം മാനേജ്‌മെന്റ് തന്നെയാണ് വ്യക്തമാക്കിയത്. നവംബര്‍ 24ന് കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരത്തിനിടെയാണ് അനസിന് പരിക്കേറ്റത്. അതിനുശേഷം താരം വിശ്രമത്തിലായിരുന്നു.

കേരളത്തില്‍ അടക്കം ചികിത്സയ്‌ക്കെത്തിയ അനസ് ഇതുവരെ ടീമിനൊപ്പം ചേര്‍ന്നിട്ടില്ലെന്ന് ഗോള്‍ഡോട്ട്‌കോം റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈയ്‌നെതിരായ മത്സരത്തില്‍ അനസ് കളിച്ചേക്കുമെന്ന് നേരത്തെ ജംഷഡ്പൂര്‍ പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പുതിയ വാര്‍ത്ത പുറത്തുവന്നതോടെ അനസിന്റെ തിരിച്ചുവരവ് നീളും.

അനസിന്റെ മോശം വാര്‍ത്തകള്‍ക്കിടെ മറ്റൊരു സന്തോഷവാര്‍ത്ത ജംഷഡ്പൂരിനെ തേടിയെത്തുന്നുണ്ട്. പരിചയ സമ്പന്നനായ മെഹ്താബ് ഹുസൈന്‍ അടുത്ത മത്സരത്തില്‍ കളിക്കുമെന്ന വാര്‍ത്തയാണ് ടീം ക്യാമ്പില്‍ നിന്നെത്തുന്നത്. ബെംഗളൂരു എഫ്‌സിക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ പുറംവേദനയെ തുടര്‍ന്ന് മെഹ്താബിനെ ഇടയ്ക്ക് പിന്‍വലിച്ചിരുന്നു.