SHARE

കേരള ഫുട്‌ബോളില്‍ പുതിയ പ്രതീക്ഷയാകുകയാണ് തൃശൂര്‍ കേച്ചേരി സ്വദേശിയായ അനസ് യുഎ എന്ന കൗമാര താരം. ദേശീയ സ്‌കൂള്‍ ഗെയിംസിനുള്ള കേരള ടീമിലേക്ക് സെലക്ഷന്‍ ലഭിച്ചതോടെ കരിയര്‍ ഫുട്‌ബോളില്‍ തന്നെ കെട്ടിപ്പെടുക്കാനുള്ള ശ്രമത്തിലാണ് അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായും സ്‌ട്രൈക്കറായും കളിക്കുന്ന അനസ്.

തൃശൂര്‍ ആസ്ഥാനമായുള്ള എഫ്‌സി കേരള, എത്തിഹാദ് എഫ്‌സി, എഫ്‌സി മാംഗളൂര്‍ തുടങ്ങിയ ക്ലബുകളുടെ യൂത്ത് ടീമുകളില്‍ ഇടംപിടിക്കാന്‍ ഈ കൊച്ചുമിടുക്കനായി. കേച്ചേരി ഫുട്‌ബോള്‍ അസോസിയേഷന്‍ ചെയര്‍മാനും അനസിന്റെ അങ്കിളുമായ റഫീഖ്, ജേഷ്ഠന്‍ ഹസീബ് എന്നിവരാണ് അനുജന്റെ കളിക്കമ്പത്തിന് താങ്ങും തണലുമായി ഒപ്പമുള്ളത്. കേരളം വീണ്ടും കാല്‍പ്പന്തുകളിയുടെ സുവര്‍ണനാളുകളിലേക്ക് തിരിച്ചെത്തിയതോടെ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കൗമാരതാരം.

തൃശൂര്‍ കേച്ചേരി സ്വദേശിയാണ് അനസ്. എരുമപ്പെട്ടി ഗവണ്‍മെന്റ് എച്ച്എസ്എസ് സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്. ഹനീഫ് മാഷാണ് അനസിലെ കളിക്കാരനെ ചെത്തിമിനുക്കി എടുക്കിയത്. മിഡ്ഫീല്‍ഡിലും മുന്നേറ്റത്തിലും മാറിമാറി കളിക്കുന്ന അനസിന്റെ പ്രത്യേകത വേഗമേറിയ നീക്കങ്ങളാണ്. നീലജേഴ്‌സിയില്‍ ഇന്ത്യയ്ക്കായി കളത്തിലിറങ്ങുകയാണ് അനസിന്റെ സ്വപ്നം.