SHARE

ഇം​ഗ്ലീഷ് ക്ലബ് എവർട്ടനിൽ നിന്ന് അപ്രതീക്ഷിതമായാണ് കാർലോ അഞ്ചലോട്ടി റയൽ മഡ്രിഡിലേക്ക് ചേക്കേറിയത്. ഒരിടവേളയ്ക്ക് ശേഷം റയൽ പരിശീലകസ്ഥാനത്ത് തിരിച്ചെത്തിയ ആഞ്ചലോട്ടി, സ്പാനിഷ് ക്ലബിലേക്ക് എവർട്ടനിൽ നിന്ന് ചില താരങ്ങളെ ഒപ്പം കൂട്ടാൻ ശ്രമം തുടങ്ങിയെന്നാണ് സൂചനകൾ.

തന്റെ ഒപ്പം എവർട്ടനിലെത്തിയ ഹാമിഷ് റോഡ്രി​ഗ്വസ്, അലൻ, റിച്ചാർലിസൻ എന്നീ താരങ്ങലെ ആഞ്ചലോട്ടി റയലിലേക്ക് കൊണ്ടുപോകുമെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാൽ ഇതിനിടെ എവർട്ടന്റെ ഇം​ഗ്ലീഷ് സ്ട്രൈക്കർ ഡൊമിനിക്ക് കാൾവർട്ട് ലെവിന് വേണ്ടി റയൽ ശ്രമം നടത്തിയേക്കുമെന്നാണ് ഇം​ഗ്ലീഷ് മാധ്യമങ്ങളായ സൺ,ഡെയ്ലി മെയിൽ തുടങ്ങിയവർ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ സീസണിൽ ആഞ്ചലോട്ടിക്ക് കീഴിൽ എവർട്ടന് വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയത് ലെവിനാണ്. 21 ​ഗോളുകളാണ് ലെവിൻ നേടിയത്.

കാൾവർട്ട് ലെവിന് വേണ്ടി ഏതാണ്ട് 60 ദശലക്ഷം യൂറോ വരെ മുടക്കാൻ റയൽ തയ്യാറാണെന്നാണ് റിപ്പോർട്ടുകൾ. മികച്ച സ്ട്രൈക്കറെന്ന് വിശേഷിപ്പിക്കപ്പെടുന്ന കാൾവർട്ട് ലെവിനെ വിൽക്കാൻ എവർട്ടന് ഒട്ടും താൽപര്യമില്ലന്നതാണ് വാസ്തവം. എന്നാൽ ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം, മികച്ച ഓഫർ ലഭിച്ചാൽ താരത്തെ വിൽക്കാൻ എവർട്ടൻ നിർബന്ധിതരായേക്കും എന്നും സൂചനകളുണ്ട്.