SHARE

ഇറ്റാലിയൻ ക്ലബ് യുവന്റസിന്റെ പരിശീലകനായി മുൻതാരം ആന്ദ്രെ പിർലോ നിയമിതനായത് ഈ സീസൺ തുടക്കത്തിലാണ്. ഏറെ പ്രതീക്ഷയോടെയാണ് പിർലോയുടെ വരവിനെ ആരാധകർ കണ്ടത്. എന്നാൽ മത്സരഫലങ്ങൾ പിർലോയ്ക്ക് എതിരാണ്.‌

സെരി എയിൽ ഒന്നാമതുള്ള ഇന്റർമിലാനെക്കാൾ പത്ത് പോയിന്റ് പിന്നാലാണിപ്പോൾ യുവന്റസ്. ചാമ്പ്യൻസ് ലീ​ഗിലാകട്ടെ പ്രീക്വാർട്ടർ ആദ്യ പാദത്തിൽ പോർട്ടോയോട് തോറ്റ യുവന്റസിന് ഇന്ന് ജയിച്ചാലെ ക്വാർട്ടറിലേക്ക് മുന്നേറാനാകു. ഇതിനിടെ തന്നെ പോർട്ടോയോട് ജയിക്കാനായില്ലെങ്കിൽ പിർലോയ്ക്ക് ക്ലബിന് പുറത്തേക്ക് വഴിതെളിയും എന്നും ചില റിപ്പോർട്ടുകളുണ്ട്. എന്നാൽ തനിക്ക് ഇതേക്കുറിച്ച് ആശങ്കകളൊന്നുമില്ലന്നാണ് പത്രസമ്മേളനത്തിൽ പിർലോ പറഞ്ഞത്.

പോർട്ടോയ്ക്കെതിരെയുള്ള വളരെ പ്രധാനപ്പെട്ട ഒരു മത്സരമാണ്, ഞാനിപ്പോൾ ഈ മത്സരത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്, പോർട്ടോയ്ക്കെതിരായ മത്സരഫലം കൊണ്ട് മാത്രം എന്റെ പ്രകടനത്തെ ക്ലബ് വിലയിരുത്തുമെന്ന് കരുതുന്നില്ല, ക്ലബിന്റെ പദ്ധതിയെന്താണെന്ന് എനിക്കറിയാം, എന്റെ പദ്ധതിയും, ദിനംപ്രതി ആ പദ്ധിതക്കായി പ്രവർത്തികുകയാണ് ഞാൻ, പിർലോ പറഞ്ഞു.