SHARE

യുറു​ഗ്വെ സൂപ്പർതാരം ലൂയിസ് സുവാരസ് ഇറ്റാലിയൻ ക്ലബ് യുവന്റസിലേക്കെത്തുമെന്ന വാർത്തകൾ വന്നുതുടങ്ങിയിട്ട് കുറച്ചായി. എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ ഉറപ്പൊന്നും ഇതുവരെ ലഭിച്ചിരുന്നില്ല. സുവാരസിന്റെ വരവിന് ഇപ്പോഴും സാധ്യതകൾ നിലനിൽക്കുന്നുണ്ടെങ്കിലും അതുണ്ടായേക്കില്ലെന്നാണ് യുവന്റസ് പരിശീലകൻ ആന്ദ്രെ പിർലോ പറയുന്നത്.

ഒരു സെന്റർ ഫോർവേഡിനെ സ്വന്തമാക്കാൻ ഞങ്ങൾ ശ്രമിക്കുകയാണ്, ട്രാൻസ്ഫർ ജാലകം അടയ്ക്കാൻ ഇനിയും സമയമുണ്ടെന്നതിനാൽ ഞങ്ങൾ അതിനായി തിടുക്കപ്പെടുന്നില്ല, പക്ഷെ ആ സെന്റർ ഫോർവേഡ് സുവാരസാകാൻ സാധ്യതയില്ല, സുവാരസിന് ഇറ്റാലിയൻ പാസ്പോർട്ട് കിട്ടാൻ ഒരുപാട് സമയമെടുക്കും, പിർലോ കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തരോട് പറഞ്ഞു.

സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായി ഇടഞ്ഞുനിൽക്കുകയാണ് സുവാരസ്. പരിശീലകനായെത്തിയ റൊണാൾഡ് കോമാൻ തന്റെ പദ്ധതികളിൽ സുവാരസിന് സ്ഥാനമില്ലെന്ന് അറിയിച്ചുകഴിഞ്ഞു. ഇതോടെ കരാർ റദ്ദാക്കി സുവാരസിനെ വിടാനാണ് ബാഴ്സ ആലോചിക്കുന്നത്. എന്നാൽ കരാർ റദ്ദാക്കിയാലും തനിക്ക് ലഭിക്കാനുള്ള പ്രതിഫലം വേണമെന്ന നിലപാടിലാണ് സുവാരസ്.