SHARE

വെസ്റ്റിന്‍ഡീസ് സൂപ്പര്‍ താരം ആന്‍ഡ്രെ റസ്സല്‍ ഒരു വര്‍ഷത്തെ വിലക്കിന് ശേഷം ക്രിക്കറ്റില്‍ തിരിച്ചെത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് റസ്സലിന് വിലക്ക് ലഭിച്ചത്. ഈ സമയത്ത് തന്നെ കൊല്‍ക്കത്ത ഏറെ സഹായിച്ചുവെന്ന് വ്യക്തമാക്കി താരം തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഐ പി എല്‍ പതിനൊന്നാം സീസണ് വേണ്ടി റസ്സലിനെ കൊല്‍ക്കത്ത ടീമില്‍ നിലനിര്‍ത്തിയിരുന്നു.

‘ തിരിച്ചുവരവില്‍ കൊല്‍ക്കത്തയുടെ ഭാഗമായിരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്, വിലക്കുള്ള സമയത്ത് കൊല്‍ക്കത്ത മികച്ച പിന്തുണയാണ് നല്‍കിയത്. ഒരു സ്‌പോര്‍ട്‌സ് തെറാപ്പിസ്റ്റിനെ അയച്ച് തന്ന് പൂര്‍ണ്ണമായും ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കൊല്‍ക്കത്ത സഹായിച്ചു, ‘ – റസ്സല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഐ പി എല്‍ സീസണ്‍ ഏപ്രില്‍ ഏഴിന് ആരംഭിക്കാനിരിക്കേ, കൊല്‍ക്കത്ത നായകനാക്കാന്‍ സാധ്യതയുള്ളവരുടെ ലിസ്റ്റിലും റസ്സലിന്റെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ക്രിസ് ലിന്‍, റോബിന്‍ ഉത്തപ്പ, സുനില്‍ നരേയ്ന്‍ തുടങ്ങിയവരുടെ പേരും ലിസ്റ്റിലുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതുവരെ 34 ഐ പി എല്‍ മത്സരങ്ങളില്‍ നിന്ന് റസ്സല്‍ 574 റണ്‍സും 64 വിക്കറ്റുകളും നേടിയിട്ടുണ്ട്.