SHARE

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച ഹാർഡ് ഹിറ്റർമാരുടെ കൂട്ടത്തിൽപ്പെടുത്താവുന്ന താരങ്ങളാണ് വെസ്റ്റിന്ത്യൻ വെടിക്കെട്ട് വീരന്മാരായ ക്രിസ് ഗെയിലും, ആന്ദ്രെ റസലും. കൂറ്റൻ ഷോട്ടുകളുടേയും സിക്സറുകളുടേയും കളിത്തോഴരായ ഇരുവരും‌ നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന ഐപിഎല്ലിലും മാസ്മരിക ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുക്കുന്നത്.

കഴിഞ്ഞ‌ദിവസം ബിബിസി‌യുടെ ഒരു പരിപാടിയിൽ പങ്കെടുക്കവെ തന്റെ ക്രിക്കറ്റ് ജീവിതംമാറ്റിമറിച്ചത് ക്രിസ് ഗെയിലാണെന്ന് റസൽ വെളിപ്പെടുത്തി. ക്രിസ് ഗെയിൽ പണ്ട് ഉപദേശം അനുസരിച്ചാണ് പിന്നീട് താൻ കളിക്കുന്നതെന്നും അത് തന്റെ ബാറ്റിംഗ് മികവിനെ വളരെയധികം മെച്ചപ്പെടുത്തിയെന്നും റസൽ കൂട്ടിച്ചേർത്തു. ഈ‌ സംഭവത്തെക്കുറിച്ച് റസൽ പറയുന്നതിങ്ങനെ, ” പവർ ഹിറ്റിംഗിന്റെ കാര്യത്തിൽ തന്റെ കരിയർ മാറ്റി മറിച്ചത് ക്രിസ് ഗെയിലിന്റെ ഉപദേശമാണ്. ഞാൻ ഒത്തിരി കാര്യങ്ങൾ അദ്ദേഹത്തിൽ നിന്ന് പഠിച്ചിട്ടുണ്ട്.

പണ്ട് ഞാൻ കനം കുറഞ്ഞ ചെറിയ ബാറ്റുകളായിരുന്നു ബാറ്റ് ചെയ്യാൻ ഉപയോഗിച്ചിരുന്നത്. പക്ഷേ അത് തന്റെ ബാറ്റിംഗിനെ അത്രയധികം സഹായിച്ചിരുന്നില്ല. ഐസിസി ലോക ടി20 യുടെ സമയത്ത് എന്റെ അടുക്കൽ വന്ന ഗെയിൽ തന്നോട് കുറച്ച് കൂടി മെച്ചപ്പെട്ട‌ ബാറ്റെടുക്കാൻ പറഞ്ഞു. ഞാൻ കരുത്തനാണെന്നും അതിനാൽ കുറച്ച് കനമുള്ള വലിയ ബാറ്റിലാണ് കളിക്കേണ്ടതെന്നും ഗെയിൽ എന്നോട് പറഞ്ഞു. പിന്നീട് താൻ കളിക്കുന്നത് കനം കൂടിയ വലിയ ബാറ്റുമായാണ്. ഗെയിലിന്റെ ആ ഉപദേശം സ്വീകരിച്ചതിന് ശേഷം തനിക്ക് തിരിഞ്ഞുനോക്കേണ്ടി‌ വന്നിട്ടില്ല.” റസൽ പറഞ്ഞുനിർത്തി.