SHARE

2019-20 സീസൺ ബംഗ്ലാദേശ് പ്രീമിയർ ലീഗിലും വിൻഡീസ് വെടിക്കെട്ട് വീരൻ ആന്ദ്രെ റസൽ കളിക്കും. ബിപിഎൽ ടീമായ രാജഷാഹി റോയൽസാണ് തങ്ങളുടെ ആറാം വിദേശ താരമായി ഇക്കുറി റസലിനെ ടീമിലെത്തിച്ചിരിക്കുന്നത്. റസലിന് പുറമേ മൊഹമ്മദ് നവാസ്, മൊഹമ്മദ് ഇർഫാൻ, രവി ബൊപ്പാര, ഹസ്രത്തുള്ള സസായ്, ഷോയിബ് മാലിക്ക് എന്നിവരാണ് രാജഷാഹി ടീമിലെ മറ്റ് വിദേശ താരങ്ങൾ.

നേരത്തെ ഈ മാസം പതിനേഴിനായിരുന്നു ടൂർണമെന്റിന് മുന്നോടിയായുള്ള താരങ്ങളുടെ ഡ്രാഫ്റ്റ് നടന്നത്. ഡ്രാഫ്റ്റിലൂടെ അല്ലാതെ രണ്ട് വിദേശ താരങ്ങളെ ഇക്കുറി ടീമിലെത്തിക്കാനുള്ള അവസരം ടീമുകൾക്കുണ്ട്. ഇത്തരത്തിലാണ് റസലിനെ രാജഷാഹി സ്വന്തമാക്കിയത്. ഷോയിബ് മാലിക്കും ഇത്തരത്തിൽ രാജഷാഹിയിലെത്തിയ താരമാണ്. കഴിഞ്ഞ തവണയും ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ കളിച്ചിരുന്ന താരമാണ് റസൽ. എന്നാൽ ഷക്കീബ് അൽഹസൻ നായകനായിരുന്ന ധാക്ക ഫ്രാഞ്ചൈസിയിലായിരുന്നു അത്‌. എന്നാൽ ഇക്കുറി അദ്ദേഹം ബിപിഎല്ലിൽ പുതിയ തട്ടകത്തിൽ എത്തിയിരിക്കുകയാണ്.

അതേ സമയം ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ ഇതേ വരെ കിരീടം നേടാനാകാത്ത ടീമാണ് രാജഷാഹി. 2016-17 സീസണിൽ ഫൈനലിൽ എത്തിയതാണ് ഇത് വരെ അവരുടെ ഏറ്റവും വലിയ നേട്ടം. എന്നാൽ അന്ന്‌ ധാക്ക ഡൈനാമിറ്റ്സിനോട് 56 റൺസിന് തോൽക്കാനായിരുന്നു അവർക്ക് വിധി.