SHARE

ഇറ്റാലിയൻ സൂപ്പർ ക്ലബ്ബായ യുവന്റസിന്റെ പുതിയ പരിശീലകനായി ക്ലബ്ബിന്റെ മുൻ താരം കൂടിയായിരുന്ന ഇതിഹാസ താരം ആന്ദ്രെ പിർലോയെ നിയമിച്ചു. രണ്ട് വർഷ പരിശീലക കരാറാണ് മുൻ ഇറ്റാലിയൻ താരവുമായി യുവന്റസ് ഒപ്പു വെച്ചിരിക്കുന്നത്. കുറച്ച് മുൻപ് ഇക്കാര്യം ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ചാമ്പ്യൻസ് ലീഗിലെ യുവന്റസിന്റെ ദയനീയ പ്രകടനം മൂലം മൗറീസിയോ സാരി ക്ലബ്ബിന്റെ പരിശീലക സ്ഥാനത്ത്‌ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെയാണ് പിർലോ അവരുടെ പരിശീലകനായെത്തുന്നത്‌. സാരിയെ, യുവന്റസ് തങ്ങളുടെ പരിശീലക സ്ഥാനത്ത് പുറത്താക്കുമെന്ന് വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ മുൻ ടോട്ടൻഹാം ഹോട്സ്പർ പരിശീലകനായ മൗറീസിയോ പൊച്ചട്ടീനോ അവരുടെ പുതിയ പരിശീലകനായേക്കുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും പിർലോയെ പരിശീലകനായി പ്രഖ്യാപിച്ച് കൊണ്ട് യുവന്റസ് ഫുട്ബോൾ ലോകത്തെ ഞെട്ടിക്കുകയായിരുന്നു.

സീനിയർ ഫുട്ബോളിൽ ആന്ദ്രെ പിർലോ പരിശീലിപ്പിക്കുന്ന ആദ്യ ക്ലബ്ബ് കൂടിയായിരിക്കും യുവന്റസ്. കഴിഞ്ഞയിടയ്ക്കായിരുന്നു അദ്ദേഹത്തെ യുവന്റസ് തങ്ങളുടെ അണ്ടർ 23 ടീമിന്റെ പരിശീലകനായി നിയമിച്ചത്.