SHARE

ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന മത്സരത്തിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയതോടെ രാജസ്ഥാൻ റോയൽസ് ഈ വർഷത്തെ ഐപിഎല്ലിൽ നിന്ന് പുറത്തായിരുന്നു. ടീം പ്ലേ ഓഫ് കാണാതെ പുറത്തായതിന് പിന്നാലെ അതിന്റെ പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് വ്യക്തമാക്കി രാജസ്ഥാൻ റോയൽസിന്റെ പരിശീലകനായ ആൻഡ്രൂ മക്ഡൊണാൾഡ് രംഗത്തെത്തി.

തങ്ങളുടെ സ്റ്റാർ പേസറായ ജോഫ്ര ആർച്ചർക്ക് പിന്തുണ നൽകുന്നതിൽ ടീമിലെ മറ്റ് പേസ് ബൗളർമാർ പരാജയപ്പെട്ടതാണ് ഇത്തവണ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫ് കാണാതെ പുറത്തായതിന്റെ പ്രധാന കാരണങ്ങളിലൊന്നായി മക്ഡൊണാൾഡ് ചൂണ്ടിക്കാട്ടുന്നത്. ആദ്യ ഓവറുകളിൽ വിക്കറ്റ് വീഴ്ത്താനുള്ള ആർച്ചറിന്റെ കഴിവ് അപാരമാണെന്നാണ് രാജസ്ഥാൻ പരിശീലകന്റെ പക്ഷം. എന്നാൽ സഹബോളർമാരിൽ നിന്ന് അദ്ദേഹത്തിന് കാര്യമായ പിന്തുണ‌ ലഭിക്കാത്തത് തങ്ങളെ സീസണിൽ പിന്നോട്ടടിച്ചതായും അദ്ദേഹം ഇതിനൊപ്പം കൂട്ടിച്ചേർത്തു.

ഈ സീസണിൽ രാജസ്ഥാൻ നിരയിൽ അരങ്ങേറ്റം കുറിച്ച യുവ പേസർ കാർത്തിക്ക് ത്യാഗിയെ പ്രശംസിക്കാനും ഇതിനൊപ്പം മക്ഡൊണാൾഡ് മറന്നില്ല. ത്യാഗി മികച്ച കണ്ടെത്തലാണെന്ന് പറഞ്ഞ അദ്ദേഹം, ഇക്കുറി താരം ടീമിനായി മികച്ച കുറച്ച് ഡെത്ത് ഓവറുകൾ എറിഞ്ഞതായും, വരും സീസണുകളിൽ അദ്ദേഹം മെച്ചപ്പെടുമെന്നും കൂട്ടിച്ചേർത്തു.