SHARE

ഇം​ഗ്ലണ്ടിനെതിരെ സ്വന്തം നാട്ടിൽ നടക്കുന്ന പരമ്പയ്ക്കുള്ള ശ്രീലങ്കൻ ഏകദിന ടീമിൽ നിന്ന് മുൻ ക്യാപ്റ്റൻ എയ്ഞ്ചലോ മാത്യൂസിനെ ഒഴിവാക്കി. എന്നാൽ ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിൽ മാത്യൂസ് ഇടംപിടിച്ചിട്ടുണ്ട്. നേരത്തെ ഏഷ്യാ കപ്പിലെ ടീമിലെ മോശം പ്രകടനത്തിന് പിന്നാലെ മാത്യൂസിനെ ക്യപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.

ഒക്ടോബർ പത്തിന് ആരംഭിക്കുന്ന പരമ്പരയ്ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. നേരത്തെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ ശ്രീലങ്കൻ ക്രിക്കറ്റ് അധികൃതർക്കെതിരെ മാത്യൂസ് രം​ഗത്തെത്തിയിരുന്നു. ഏഷ്യാ കപ്പിലെ ടീമിന്റെ ദയനീയ പ്രകടനത്തിന് തന്നെ മാത്രം ബലിയാടാക്കിയെന്നായിരുന്നു മാത്യൂസിന്റെ ആരോപണം. ഫിറ്റ്നസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടർന്നാണ് താരത്തെ ടീമിൽ നിന്ന് ഒഴിവാക്കുന്നതെന്നാണ് വിശദീകരണം.

ഏഷ്യാ കപ്പോടെ ഏകദിന ടീമിൽ മടങ്ങിയെത്തിയ ഫാസ്റ്റ് ബൗളർ ലസിത് മലിം​ഗ ഇം​ഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ടീമിലും ഇടം നേടി. ദിനേശ് ചാണ്ഡിമാലായിരിക്കും ഇം​ഗ്ലീഷ് പരമ്പരയ്ക്കുള്ള ലങ്കൻ ടീമിന്റ ക്യാപ്റ്റൻ.