SHARE

ശ്രീലങ്കൻ ക്രിക്കറ്റ് വാഗ്ദാനം ചെയ്ത പുതിയ സെൻട്രൽ കോണ്ട്രാക്ടിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്ന താരമാണ് ഏഞ്ചലോ മാത്യൂസ്. ഇതേത്തുടർന്ന് ജൂലൈയിൽ ഇന്ത്യക്കെതിരെ നടന്ന പരമ്പരയിൽ നിന്ന് വിട്ടു നിന്ന താരം ക്രിക്കറ്റിൽ നിന്ന് വിരമിക്കാനൊരുങ്ങുകയാണെന്ന റിപ്പോർട്ടുകളും അന്ന് ശക്തമായിരുന്നു. എന്നാൽ ഇപ്പോളിതാ ക്രിക്കറ്റ് മതിയാക്കാൻ ഒരു ഘട്ടത്തിൽ തീരുമാനമെടുത്തിരുന്നുവെന്ന് കരുതപ്പെടുന്ന ഏഞ്ചലോ മാത്യൂസ്, വീണ്ടും ദേശീയ ടീമിൽ കളിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നു‌.

വീണ്ടും ശ്രീലങ്കൻ ജേഴ്സിയണിയാൻ താല്പര്യപ്പെടുന്ന‌ മാത്യൂസ്, ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ശ്രീലങ്കൻ ക്രിക്കറ്റിന് മെയിൽ അയച്ചതായാണ് ഇ എസ് പി എൻ ക്രിക്കിൻഫോ റിപ്പോർട്ട് ചെയ്യുന്നത്. മാത്യൂസിന്റെ മെയിൽ ലഭിച്ച ശ്രീലങ്ക ക്രിക്കറ്റ് ഇന്നോ നാളെയോ അദ്ദേഹത്തിന്റെ ദേശീയ ടീം ഭാവിയുമായി ബന്ധപ്പെട്ട നിർണായക തീരുമാനമെടുക്കുമെന്നാണ് സൂചനകൾ. മാത്യൂസിനെ ദേശീയ ടീമിലേക്ക് തിരികെ പ്രവേശിപ്പിക്കാൻ ശ്രീലങ്ക ക്രിക്കറ്റ് തീരുമാനിക്കുകയാണെങ്കിൽ നവംബറിൽ വെസ്റ്റിൻഡീസിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലൂടെയാകും താരം ലങ്ക‌ൻ ജേഴ്സിയിലേക്ക് തിരിച്ചെത്തുക.

അതേ സമയം 2008 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത് മുതൽ ശ്രീലങ്ക ക്രിക്കറ്റിന്റെ പ്രധാന താരങ്ങളിലൊരാളാണ്‌ മാത്യൂസ്. 90 ടെസ്റ്റുകളിലും 218 ഏകദിനങ്ങളിലും, 78 ടി20 മത്സരങ്ങളിലും ശ്രീലങ്കൻ ജേഴ്സിയണിഞ്ഞിട്ടുള്ള ഈ മുപ്പത്തിനാലുകാരൻ പതിമൂവായിരത്തിലധികം റൺസും, 200 നടുത്ത് വിക്കറ്റുകളും അന്താരാഷ്ട്ര ക്രിക്കറ്റിൽ നേടിയിട്ടുണ്ട്.