SHARE

അർജന്റൈൻ ഫുട്ബോൾ ഇതിഹാസം ഡിയഗോ മറഡോണയ്ക്ക് മെക്സിക്കൻ ക്ലബ്ബിന്റെ പരിശീലക വേഷത്തിൽ വിജയത്തുടക്കം. ഈ മാസമാദ്യം മെക്സിക്കൻ ക്ലബ്ബായ ഡോറഡോസ് ഓഫ് സിനാലോ ക്ലബ്ബിന്റെ പരിശീലകനായി ചുമതലയേറ്റെടുത്ത മറഡോണ, ടപാക്കുലോയ്ക്കെതിരായ ആദ്യ മത്സരത്തിൽ ടീമിന് 4-1 ന്റെ തകർപ്പൻ ജയം സമ്മാനിക്കുകയായിരുന്നു. ടപാക്കുലോയ്ക്കെതിരായ വിജയം ഈ സീസണിൽ ഡോറഡോസിന്റെ ആദ്യ ജയം കൂടിയായിരുന്നു. പുതിയ പരിശീലകന്റെ കീഴിൽ പുത്തൻ ഉണർവ്വോടെ കളിച്ചാണ് ഡോറഡോസ് മത്സരം സ്വന്തമാക്കിയത്.

ഇക്വഡോറിയൻ സ്ട്രൈക്കർ വിനീഷിയോ ആൻ ഗുളോയുടെ ഹാട്രിക്ക് ഗോളുകളും, അർജന്റൈൻ താരം സെബാസ്റ്റ്യൻ ഇൽബറുടെ ഗോളുമാണ് മറഡോണയുടെ സംഘത്തിന് തകർപ്പൻ ജയം സമ്മാനിച്ചത്. മറഡോണ പരിശീലകനായി എത്തിയതിന്റെ ആവേശത്തിൽ പുതു ഊർജ്ജത്തോടെ കളിച്ച ഡോറഡോസ് ടീം വിജയത്തോടെ 15 ടീമുകളുള്ള ലീഗിൽ പത്താം സ്ഥാനത്തേക്ക് കുതിച്ചെത്തി.

അതേ സമയം ലോകഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഡിയഗോ മറഡോണ ഇതാദ്യമായല്ല പരിശീലക വേഷം അണിയുന്നത്. 2010 ലോകകപ്പിൽ അർജന്റീനൻ പരിശീലകനായിരുന്ന താരം രാജ്യത്തിനകത്തും, പുറത്തും വിവിധ ക്ലബ്ബുകളേയും കളി പഠിപ്പിച്ചിട്ടുണ്ട്. 2017 മേയിൽ യു.എ.ഇ രണ്ടാം ഡിവിഷൻ ക്ലബ്ബായ അൽ ഫുജൈറയുടെ പരിശീലക സ്ഥാനം ഏറ്റെടുത്തിരുന്ന അദ്ദേഹം, ടീമിന്റെ മോശം പ്രകടനത്തെത്തുടർന്ന് ഈ വർഷം ഏപ്രിലിൽ പരിശീലക സ്ഥാനം രാജി വെച്ചിരുന്നു.