SHARE

വിദേശത്ത് കളിക്കാന്‍ ആഗ്രഹിക്കുന്ന യുവതാരങ്ങള്‍ ഒട്ടനവധിയാണ് ഇന്ന് ഇന്ത്യന്‍ ഫുട്‌ബോളില്‍. എന്നാല്‍ അണ്ടര്‍ 17 ലോകകപ്പ് കളിച്ച അനികേത് ജാദവിന് മറ്റൊരു ആഗ്രഹമാണുള്ളത്. മറ്റൊന്നുമല്ല, തന്റെ അച്ഛന്റെ കഷ്ടപ്പാടുകള്‍ മാറ്റണം. ഓട്ടോ ഓടിച്ച് ഏറെ കഷ്ടപ്പെട്ടാണ് അനികേതിന്റെ അച്ഛന്‍ തന്റെ കുടുംബം പുലര്‍ത്തുന്നത്.

മഹാരാഷ്ട്രയിലെ കോലാപൂരില്‍ ജനിച്ച അനികേത് ഇന്ത്യന്‍ അണ്ടര്‍ 17 ടീമിന് വേണ്ടി ലോകകപ്പിലെ മൂന്ന് മത്സരങ്ങളുള്‍പ്പടെ 30 മത്സരങ്ങാണ് ബൂട്ട് കെട്ടിയത്. ഇപ്പോള്‍ അനികേത് കളിച്ച് കൊണ്ടിരിക്കുന്നത് ഐ ലീഗിലെ ഇന്ത്യന്‍ ആരോസിലാണ്. ഇതിനിടെ അനികേത് മാധ്യമവാര്‍ത്തകളില്‍ നിറയുന്നത് കുടുംബത്തിന്റെ കഷ്ടപ്പാട് അകറ്റാനുള്ള തന്റെ ലക്ഷ്യം പുറത്ത് പറഞ്ഞിട്ടാണ്. അച്ഛനോട് ഓട്ടോ ഓടിക്കുന്നത് നിര്‍ത്തണമെന്നും ഐ ലീഗില്‍ നിന്നും മറ്റു മത്സരങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് ജീവിക്കാമെന്നും അനികേത് ആവശ്യപ്പെട്ടതാണ്. എന്നാല്‍ പിതാവ് കുറച്ച് കൂടി സമയമാവട്ടെ എന്ന് പറഞ്ഞതിന്റെ സങ്കടത്തിലാണ് താരം.

സ്‌പോര്‍ട്‌സിനെ സ്വന്തം കരിയറായി തിരഞ്ഞെടുക്കുന്ന ഏതൊരാള്‍ക്കും നേരെയുള്ള ചോദ്യങ്ങള്‍ അനികേതിനും നേരിടേണ്ടി വന്നിട്ടുണ്ട്. പിന്നീട് അനികേതിന്റെ പ്രതിഭ കണ്ട് ആ ചോദ്യങ്ങളുടെയെല്ലാം മുനയൊടിയുകയായിരുന്നു. താഴേക്കിടയില്‍ നിന്ന് ഉയര്‍ന്ന് വന്ന ഒട്ടനേകം ഫുട്‌ബോള്‍ താരങ്ങളുള്ള ഇന്ത്യയില്‍ അനികേത് പുതിയ ഉയരങ്ങള്‍ കീഴടക്കുമെന്നുറപ്പാണ്. അങ്ങനെ അനികേതിന്റ സ്വന്തം ആഗ്രഹങ്ങള്‍ സ്വന്തമാക്കാനും സാധിക്കും.